കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

post

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. തെക്കൻ ആൻഡമാൻ കടലിനു മുകളിലായി നില നിന്നിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദം പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29-ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരള തീരത്ത് നവംബർ 27 ന് രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.