'കടലിനെ തൊട്ടടുത്തു കാണണം'; നവകേരള സദസിൽ നിവേദനവുമായി ആബിദ

post

"ഞങ്ങൾക്കും കടലു കാണണം, മീറ്ററുകൾക്കപ്പുറം മാറിനിന്നല്ല.. തിരമാലകളിൽ കാൽ നനക്കാൻ പാകത്തിൽ തൊട്ടടുത്ത് ചെന്ന് കാണണം." മലപ്പുറം തിരൂർ ബോയ്സ് സ്കൂളിലെ നവകേരള സദസ്സിനെത്തിയ വിഭിന്നശേഷിയുള്ള ചെമ്പ്ര സ്വദേശിനി ആബിദയുടെ വാക്കുകളാണിത്. ഇത് ആബിദയുടെ മാത്രം ശബ്ദമല്ല. സമൂഹത്തിലെ എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാകണമെന്ന പൊതു ആവശ്യം നവകേരള സദസ്സിൽ സർക്കാറിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു അവർ.

മുച്ചക്ര സ്കൂട്ടറിൽ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ പ്രത്യേക കൗണ്ടറിലാണ് ആബിദയും സുഹൃത്തുക്കളും നിവേദനം നൽകാനായി എത്തിയത്. തൊഴിലിടങ്ങൾ ഭിന്നശേഷി സൗഹൃദമല്ലാത്ത കാരണത്താൽ ബിരുദാനന്തര ബിരുദമുണ്ടായിട്ടും ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നതുൾപ്പടെ 22 നിവേദനങ്ങളാണ് നവകേരള സദസ്സിൽ ഇവർ സമർപ്പിച്ചത്. അന്നാര സ്വദേശിനി റുഖിയ, നിറമരുതൂർ സ്വദേശിനി ബുഷറ എന്നിവരും ആബിദയോടൊപ്പം നവകേരള സദസ്സിന്റെ ഭാഗമാകാൻ എത്തിയിരുന്നു.