സംസ്ഥാനത്ത് എണ്ണമറ്റ വികസനം നടപ്പാക്കി - മുഖ്യമന്ത്രി

post

വസ്തുതകൾ പൊതുജനം മനസ്സിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് നവകേരള സദസ്സിന് ലഭിക്കുന്ന മികച്ച വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഉന്നമനത്തിന് സ്വീകരിച്ച നടപടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ജനങ്ങൾ അറിയിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2006- 2011 വർഷം സംസ്ഥാനത്തെ നികുതി വളർച്ച 23.24 % ആയിരുന്നു. ഇത് 2011ലെ സർക്കാർ വന്നപ്പോൾ കുത്തനെ കുറഞ്ഞു. അധികവായ്പ എടുക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. 2016ൽ സർക്കാർ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാർ വരുത്തിവെച്ച സാമ്പത്തിക കുടിശ്ശിക അടക്കമുള്ള ബാധ്യതകളാണ് ഏറ്റെടുക്കേണ്ടി വന്നത്. ആ അവസ്ഥയിൽ നിന്നാണ് ഓഖി, പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തമുഖങ്ങൾ കൂടി സംസ്ഥാനം അതിജീവിച്ചത്. കുടിശ്ശികയടക്കം സാമൂഹ്യ ക്ഷേമ പെൻഷൻ തുക എല്ലാം കൊടുത്തു തീർത്തു. സംസ്ഥാനത്ത് എണ്ണമറ്റ വികസനം നടപ്പാക്കി. കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ചാണ് പൊതുജനങ്ങൾ ഒപ്പം നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംഘാടക സമിതി ചെയർമാനും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറുമായ ഡോ. എം.കെ ജയരാജ് അധ്യക്ഷനായി. മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണൻകുട്ടി, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സംസാരിച്ചു. വള്ളിക്കുന്ന് മണ്ഡലം നോഡൽ ഓഫീസറും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുമായ ആര്‍ ദിനേശ് സ്വാഗതവും തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് നന്ദിയും പറഞ്ഞു.