അസ്വസ്ഥതയല്ല, വാത്സല്യം; ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

post

മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ണിൽ കൊണ്ട സംഭവത്തിന് പിന്നാലെ എൻസിസി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി. വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിക്കുകയായിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്ന വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടു.

പി വി അൻവർ എംഎൽഎയുടെ വസതിയിൽ എത്തിയ ജിന്റോയെ മുഖ്യമന്ത്രി വാത്സല്യത്തോടെ സ്വീകരിച്ചു. "അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം" എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി വിദ്യാർത്ഥിയെ യാത്രയച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.