അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും: മന്ത്രി കെ. രാജൻ
സർക്കാറിന്റെ മൂന്നാം വാർഷികത്തിന് മുമ്പ് അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 582 എണ്ണം നടപ്പാക്കിയാണ് ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. 2878 പട്ടയങ്ങളാണ് ഇതുവരെ ഏറനാട് മണ്ഡലത്തിൽ വിതരണം ചെയ്തത്.
സർക്കാറിന് കടപ്പാടുള്ളത് ജനങ്ങളോടു മാത്രമാണെന്നും മന്ത്രി പറഞ്ഞു. 600 രൂപയായിരുന്ന ക്ഷേമപെൻഷൻ സർക്കാർ 1600 രൂപയാക്കി ഉയർത്തി. ഏഴര വർഷം കൊണ്ട് 57,000 കോടി രൂപയാണ് കേരളത്തിൽ പെൻഷനായി ചെലവഴിച്ചത്. നിപ്പ, കൊവിഡ്, പ്രളയം, ഓഖി തുടങ്ങി ഏത് പ്രതിസന്ധിയിലും ഈ സർക്കാർ ജനങ്ങളെ ചേർത്ത് നിർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.