ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങളും പുരോഗതിയും ഉണ്ടാക്കാനാണ് സർക്കാർ ശ്രമം - മുഖ്യമന്ത്രി

post

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങളും പുരോഗതിയും ഉണ്ടാക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ നവകേരള സദസിന് മുന്നോടിയായി ഷോർണൂർ കുളപ്പുള്ളിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വര്‍ഗീയ ശക്തികള്‍ സര്‍വ്വകലാശാലകളില്‍ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. പാഠ്യപദ്ധതി തന്നെ വിദ്വേഷ പ്രത്യയശാസ്ത്രത്തില്‍ മുക്കാൻ ശ്രമിക്കുന്നു. അതിലെല്ലാം വേറിട്ട് നില്‍ക്കുകയാണ് കേരളം. ആ യശസ്സിനെ തകര്‍ക്കാനും പുരോഗതിയെ അട്ടിമറിക്കാനും താല്പര്യമുള്ളവര്‍ ഉണ്ടാകും. അത്തരക്കാരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അഞ്ചു ജില്ലകള്‍ പിന്നിട്ട് നവകേരള സദസ്സ് പാലക്കാട് ജില്ലയില്‍ പര്യടനം തുടങ്ങുകയാണ്. നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായപ്പോള്‍ ആകെ 80,885 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയിലെ അവസാന ദിനമായ നവംബർ 30 ന് 27,339 നിവേദനങ്ങള്‍ ലഭിച്ചു. ഏറനാട് 7605, നിലമ്പൂര്‍ 7458, വണ്ടൂര്‍ 7188, പെരിന്തല്‍മണ്ണ 5088 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്കുകൾ.