ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി സംയോജിത പോർട്ടൽ കേരളത്തിൽ ഒരുങ്ങുന്നു - മുഖ്യമന്ത്രി

post

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് പാലക്കാട് ജില്ലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 17,845 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. എല്ലാ ഭൂരഹിതരേയും ഭൂമിയുടെ ഉടമകളാക്കുക എന്നത് സർക്കാരിന്റെ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്ത് പട്ടയ മിഷന് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് ഏകദേശം 3 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു.

പട്ടയം ആവശ്യമുളളവർ അപേക്ഷയുമായി അധികൃതരെ സമീപിക്കുന്ന രീതി മാറ്റി കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കണ്ടെത്തുന്ന പുതിയ രീതിയാണ് അവലംബിക്കുന്നത്. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ പട്ടയ അസംബ്ലികൾ സംഘടിപ്പിച്ചു. പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെട്ട പട്ടയ വിഷയങ്ങൾ 3 മാസം കൂടുമ്പോൾ റവന്യൂ മന്ത്രി നേരിട്ട് റിവ്യൂ ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു. ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കെട്ടി കിടക്കുന്ന മിച്ചഭൂമി കേസുകൾ തീർപ്പാക്കിയാൽ ഭൂരഹിതർക്കു വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി കണ്ടെത്താൻ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ലാൻഡ് ബോർഡുകളെ 4 മേഖലകളായി തിരിച്ച് മേഖലാ ലാൻഡ് ബോർഡ് ചെയർമാന്മാരുടെ തസ്തിക സൃഷ്ടിച്ചത്. പ്രവർത്തനം തുടങ്ങി 4 മാസങ്ങൾക്കുളളിൽ തന്നെ 46 കേസുകളിലായി 347.24 ഏക്കർ ഭൂമി ഏറ്റെടുക്കാനായത് ചരിത്ര നേട്ടമാണ്. സംസ്ഥാനത്ത് പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന് മാതൃകയായി യൂണിക്ക് തണ്ടപ്പേർ സംവിധാനം ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു തണ്ടപ്പേർ എന്ന ഈ സംവിധാനം പൂർണ്ണമായും നടപ്പിലാക്കുന്നതോടെ കൂടുതൽ മിച്ചഭൂമി ഏറ്റെടുക്കാനും ഭൂരഹിതർക്ക് വിതരണം ചെയ്യാനുമാകും.

ഡിജിറ്റൽ സർവ്വെ പൂർത്തിയായ വില്ലേജുകളിൽ സർവ്വെ വകുപ്പിന്റെ ഇമാപ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ റവന്യൂ വകുപ്പിന്റെ റെയിൽസ് എന്നിവ സംയോജിപ്പിച്ച് എൻ്റെ ഭൂമി എന്ന പേരിൽ സംയോജിത പോർട്ടൽ നിലവിൽ വരും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം പൂർത്തിയാകുന്നത്. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകും.


കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് വണ്ടി ഓടിക്കാൻ പഠിച്ച ഇടുക്കി സ്വദേശി ജിലുമോൾക്ക് പ്രഭാത യോഗത്തിൽ വെച്ച് ഡ്രൈവിങ് ലൈസൻസ് കൈമാറിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന ഭിന്ന ശേഷി കമ്മീഷനാണ് ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിനായി പ്രവർത്തിച്ചത്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകി.

ഡിസംബർ ഒന്നിന് പാലക്കാട് ജില്ലയിലെ നവകേരള സദസിൽ 15753 നിവേദനങ്ങളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷൊർണൂർ 3424, തൃത്താല 4419, പട്ടാമ്പി 3404, ഒറ്റപ്പാലം 4506 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്കുകൾ.

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക പുരോഗതി നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അന്വേഷണ മികവ് എടുത്തു പറഞ്ഞ മുഖ്യമന്ത്രി, വിശദമായ കാര്യങ്ങൾ പോലീസ് തന്നെ പറയുമെന്ന് അറിയിച്ചു. കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പൊലീസിന് നേരെ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്തെ കുട്ടിയുടെ കേസിൽ മാധ്യമങ്ങൾ ഒരു പരിധിവരെ സംയമനത്തോടെ റിപ്പോർട്ടിങ് നടത്തിയിട്ടുണ്ട്, ആ സംയമനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടർന്നും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.