ഏഴര വർഷത്തിൽ മൂന്നു ലക്ഷം കുടുംബങ്ങളെ ഭൂഉടമകളാക്കി: മന്ത്രി കെ. രാജൻ

post

സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വർഷം കൊണ്ട് മൂന്നു ലക്ഷം കുടുംബങ്ങളെ ഭൂഉടമകളാക്കിയതായി റവന്യു മന്ത്രി കെ. രാജൻ. പട്ടാമ്പി മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതൽ 2021 വരെ 1,77,000 പട്ടയങ്ങൾ വിതരണം ചെയ്തപ്പോൾ 2021-23 വരെ 1,23,000 പട്ടയങ്ങളാണ് നൽകിയത്. പാലക്കാട്‌ ജില്ലയിൽ മാത്രം ഈ കാലഘട്ടത്തിൽ 25,699 പട്ടയങ്ങൾ വിതരണം ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായത്. പട്ടാമ്പിയിലെ സ്കൂളുകളുടെ വികസനത്തിനായി കോടികളാണ് അനുവദിച്ചത്. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 3,83,000 വീടുകളുടെ നിർമാണം പൂർത്തിയാക്കി. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ഭൂരഹിതരും ഭവന രഹിതരും ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.