നവകേരള സദസ്സിലെ ജനപങ്കാളിത്തം തെളിയിക്കുന്നത് ഭാവി കേരളം ഭദ്രമാണെന്ന സൂചന - മുഖ്യമന്ത്രി

post

കേരളമൊന്നാകെ ഒരേ സ്വരത്തിൽ നാടിൻ്റെ ആവശ്യങ്ങളുന്നയിക്കുകയാണ് നവകേരള സദസിൻ്റെ ലക്ഷ്യമെന്നും നാടിൻ്റെ പുരോഗതി ആഗ്രഹിക്കുന്നവർക്ക് മാറി നിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കണമെന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടികളിലെ പ്രാതിനിധ്യം പ്രഭാത സദസ്സുകളിൽ ഉണ്ടാകുന്നുണ്ട്. നിർദ്ദേശങ്ങളും പുതിയ ആശയങ്ങളും നൽകുന്നതിനായി സദസുകളിൽ ആളുകളൊഴുകിയെത്തുകയാണ്. ഭാവി കേരളം ഭദ്രമാണെന്ന സൂചനയാണ് ഈ ജനപങ്കാളിത്തം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഗവർണറെ സർവകലാശാല ചാൻസലറായി നിയമിക്കുന്നതും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ പ്രോ വൈസ് ചാൻസലറാക്കുന്നതും നിയമസഭയാണ്. അവസരവാദ നിലപാടുകൾ ഏതു മേഖലയിലും ശാന്തമായ അന്തരീക്ഷത്തെ തകർക്കാനേ ഉപകരിക്കൂ. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടി വിധിയിലും ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് വിധികളിലും സർക്കാർ യുജിസി റെഗുലേഷന് എതിരായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ടി. കെ. നൗഷാദ് പരിപാടിയിൽ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ഫിഷറീസ്-സാംസ്കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.