നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും: മുഖ്യമന്ത്രി പിണറായി വിജയന്‍

post

നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിനോട് അനുബന്ധിച്ച് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാതസദസ്സില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നെല്‍കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അവരെ സഹായിക്കാനുള്ള ഒട്ടേറെ നടപടികള്‍ എടുത്തുകഴിഞ്ഞു. ചീഫ് സെക്രട്ടറി തലത്തിലും ബാങ്കിങ് തലത്തിലും സമിതി നിലവിലുണ്ട്. സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നങ്ങളും പുതിയസംവിധാനം കൊണ്ടുവരുന്നതിലെ സാങ്കേതികമായ തടസ്സങ്ങളുമാണ് ഇടപെടലുകള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. എങ്കിലും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണ്ടാകാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കാനായിട്ടുണ്ട്. നെല്ലിന് ഇവിടെ നല്‍കുന്ന സംഭരണ വില രാജ്യത്ത് തന്നെ ഏറ്റവും കൂടിയതാണെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചിറ്റൂര്‍, തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലെ വിവിധ മേഖലകളില്‍ നിന്ന് ഒട്ടേറെ പ്രമുഖര്‍ പ്രഭാത സദസ്സില്‍ പങ്കെടുത്തു. നവകേരള സദസ്സ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സദസ്സാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017 സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനസമക്ഷം അവതരിപ്പിച്ചപ്പോള്‍ അത് രാജ്യത്ത് തന്നെ ആദ്യ സംഭവമായിരുന്നു. ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യുന്നു എന്ന് അവര്‍ക്ക് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു. അഞ്ച് വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് 2021 ലെത്തുമ്പോള്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 600 കാര്യങ്ങളില്‍ വിരലിലെണ്ണാവുന്നതൊഴികെ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫയല്‍ അദാലത്തും താലൂക്ക് തല അദാലത്തുകളും മന്ത്രിസഭയൊന്നാകെ എത്തി മേഖലാതല അദാലത്തുകളും നടത്തി. അത്തരം നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസ്സെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നു, ഇനി എന്തൊക്കെ ചെയ്യണം, എന്തൊക്കെയാണ് മുന്നിലുള്ള തടസ്സങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കലും ചര്‍ച്ച ചെയ്യലുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യങ്ങള്‍. ഭേദചിന്തയില്ലാതെ ഈ ആശയത്തെ ജനങ്ങള്‍ പൂര്‍ണമായി ഏറ്റെടുത്തു എന്നാണ് വന്‍ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.