അതിഥി തൊഴിലാളികളെ ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു : ക്യാമ്പിലേക്ക് മാറ്റി

post

ആലപ്പുഴ: കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, കുട്ടനാട് പുളിങ്കുന്നില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ ജില്ല കളക്ടര്‍ എം. അഞ്ജന സന്ദര്‍ശിച്ചു. പുളിങ്കുന്ന് എട്ടാം വാര്‍ഡിലെ ഒരു വീട്ടില്‍ ഒന്നിച്ച് താമസിച്ചിരുന്ന 40 അതിഥി തൊഴിലാളികളെയാണ് കളക്ടര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. ഇവരുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് പുളിങ്കുന്ന് സെന്റ്.ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റി. നാല് പേര് വീതം ഒരു മുറിയിലെന്ന തരത്തില്‍ അവര്‍ക്കുള്ള താമസ സൗകര്യവും പ്രത്യേക ശുചിമുറി സൗകര്യവും ഒരുക്കി നല്‍കി. ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയേയും വില്ലേജ് ഓഫീസറേയും ചുമതലപ്പെടുത്തി. തൊഴിലാളികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ കൃത്യമായി എത്തിച്ചു നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ ആദ്യ ഘട്ട പലവ്യഞ്ജനങ്ങള്‍ കളക്ടര്‍ നേരിട്ട് വിതരണം ചെയ്തു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, പുളിങ്കുന്ന് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ബെന്നിച്ചന്‍ മണ്ണങ്കരത്തറ, കുട്ടനാട് തഹസില്‍ദാര്‍ രവീന്ദ്രനാഥ പണിക്കര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും മരുന്നും ഉറപ്പാക്കും

കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണം വേണ്ടെങ്കില്‍ അവരുടെ ഭക്ഷണം തയ്യാറാക്കാനുള്ള സംവിധാനം

ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും മരുന്നും താമസവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എം.അഞ്ജന പറഞ്ഞു. ഇതിനായി ജില്ല ലേബര്‍ ഓഫീസര്‍മാരായ വേണുഗോപാലിനെയും ശ്യാമള കുമാരിയെയും ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. മറ്റു വകുപ്പുകളുടെ സഹായം ചാര്‍ജ് ഓഫീസര്‍ക്ക് ലഭ്യമാക്കാന്‍ കളക്ട്രേറ്റില്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അതിഥി തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ അവലോകന യോഗത്തില്‍ ജില്ലയില്‍ 326 ക്യാമ്പുകള്‍ ഉള്ളതായി വിലയിരുത്തി. ഏകദേശം എണ്ണായിരത്തോളം അതിഥി തൊഴിലാളികളാണ് ഉള്ളത്. കൃത്യമായ വിവര ശേഖരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഇവരില്‍ ആര്‍ക്കെങ്കിലും താമസിക്കാന്‍ സൗകര്യമില്ലാതെയോ ഭക്ഷണ-മരുന്ന് സൗകര്യമില്ലാതെയോ ഉണ്ടെങ്കില്‍ അതിനുള്ള സംവിധാനം ഒരുക്കും.  ആവശ്യമുള്ളവരെ ക്യാമ്പുകള്‍ തുറന്ന് അങ്ങോട്ട് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ ക്യാമ്പ് ആരംഭിക്കാം. ഇങ്ങനെ തുടങ്ങുന്ന ക്യാമ്പുകളില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നുള്ള ഭക്ഷണം വേണ്ട എന്ന് അവര്‍ അറിയിക്കുന്ന പക്ഷം അവരുടെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം അവിടെത്തന്നെ ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി 11 വാഹനങ്ങളും ജില്ല ഭരണകൂടം വിട്ടുനല്‍കും. ആവശ്യത്തിന് ജീവനക്കാരെ അധികമായി നല്‍കാനും തീരുമാനിച്ചു.