കോവിഡ് 19: മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കി മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : കുന്നംകുളം നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ നല്‍കി തദ്ദേശ സ്വയം ഭരണ മന്ത്രി ഇന്നലെ (മാര്‍ച്ച് 29) വിവിധ പഞ്ചായത്തുകളിലെ അവലോകന യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസവും മന്ത്രി നഗരസഭ, പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുത്ത് സ്ഥിതി വിലയിരുത്തിയിരുന്നു.

കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, വേലൂര്‍, ചൊവ്വന്നൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, കടങ്ങോട് എന്നീ പഞ്ചായത്തുകളിലും കുന്നംകുളം നഗരസഭയിലുമാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട്  കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ മന്ത്രി നിര്‍ദേശിച്ചു.

മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍, വീടും പരിസരവും ശുചീകരിക്കല്‍ എന്നിവ ഇനിയും ജാഗ്രതയോടെ തുടരേണ്ട പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തു തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കായി ഉച്ചഭാഷിണി ഉപയോഗിക്കണം. കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണമെത്തിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ അകലം പാലിക്കണം. പൊതു ഇടങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന പ്രവണത വേണ്ട. തെരുവില്‍ കഴിയുന്നവര്‍ക്ക് താമസവും ഭക്ഷണവും കൃത്യമായി ഒരുക്കിക്കൊടുക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെ സുരക്ഷിതരാക്കണമെന്നും വിവിധ പഞ്ചായത്ത് അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡുതല ഗ്രൂപ്പുകള്‍ എന്നിവ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചുമതല വഹിക്കുന്ന ആളുമായി വിലയിരുത്തി മുന്നോട്ടു പോകണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.