'സംരംഭക വർഷം' പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം

post

കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ 'സംരംഭക വർഷം' പദ്ധതിയുടെ വിജയത്തിന് പിന്നാലെ കാസർഗോഡ് ജില്ലയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കാനൊരുങ്ങി വ്യവസായ വകുപ്പ്. സംരംഭക വർഷം പദ്ധതിയുടെ മാതൃകയിൽ ഇത്തവണ സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചും സംരംഭക സാധ്യതകളെ കുറിച്ചും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ മുഴുവൻ ബോധവത്കരണം നടത്തി. ബോധവത്കരണം പൂർത്തിയായതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽ ലോൺ ലൈസൻസ് സബ്സിഡി മേള ആരംഭിച്ചു.

മഞ്ചേശ്വരം, കുമ്പള, പുത്തിഗെ പഞ്ചായത്തുകളിലും കാസർകോട് നഗരസഭയിലും മേള പൂർത്തിയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ നടത്തുന്ന മേളയിൽ സംരംഭകർക്ക് ആവശ്യമുള്ള ലോൺ ലഭ്യമാക്കാനും ലൈസൻസ് നേരിട്ടെടുക്കാനും സബ്സിഡി അപേക്ഷകൾ സ്വീകരിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിസംബറിൽ ലോൺ ലൈസൻസ് സബ്സിഡി മേളകൾ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ നടന്ന പൊതു ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവരും പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുമാണ് മേളയിൽ പങ്കെടുക്കുന്നത്. വ്യവസായ വകുപ്പ് തദ്ദേശ സ്ഥാപനതലങ്ങളിൽ നിയമിച്ച എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (ഇ.ഡി.ഇ) ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മികച്ച സംരംഭക ആശയമുള്ളവർക്കും സംരംഭങ്ങളെ കുറിച്ചുള്ള സംശയങ്ങൾ തീർപ്പാക്കാനും എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവിനെ സമീപിക്കാവുന്നതാണ്. സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് എല്ലാ പിന്തുണയും ഇവർ നൽകും.

സംരംഭകർക്ക് കരുത്തേകാൻ എം.എസ്.എം.ഇ ഇൻഷുറൻസ്

പ്രകൃതി ദുരന്തം, തീപിടുത്തം, മറ്റ് അപകടങ്ങൾ എന്നിവയെ തുടർന്ന് വ്യവസായ ശാലകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ വ്യവസായ വാണിജ്യ വകുപ്പിന്റെ എം.എസ്.എം.ഇ (മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ്) ഇൻഷുറൻസ്. വ്യവസായികൾക്ക് ഇൻഷുറൻസിൽ ചേരുന്നതിനുള്ള മാർഗ നിർദേശങ്ങളും ലോൺ ലൈസൻസ് സബ്സിഡി മേളയിൽ നൽകി വരികയാണ്. പൊതുമേഖലയിലുള്ള നാഷണൽ ഇൻഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇൻഷുറൻസ് സ്ഥാപനങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് ആണ് സംരംഭകർക്ക് പ്രയോജനമാകുക. ഒരു വർഷത്തേക്ക് അയ്യായിരം രൂപയുടെ പ്രീമിയം എടുക്കുന്ന സംരംഭകന് ഒരു കോടി രൂപ വരെയുള്ള നഷ്ടങ്ങൾക്ക് ക്ലെയിം ലഭിക്കും. അയ്യായിരം രൂപയുടെ പ്രീമിയത്തിൽ പകുതി സർക്കാർ നൽകും. 2500 രൂപ മാത്രമാണ് സംരംഭകർ ഒരു വർഷത്തേക്ക് അടയ്ക്കേണ്ട പ്രീമിയം തുക.