ലൈഫ് മിഷന്‍: പാലക്കാട് ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 22,009 വീടുകള്‍
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2016 മുതല്‍ ഇതുവരെ 22,009 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥലവുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 2218 പേര്‍ കരാര്‍ വച്ചതായും ഇതില്‍ 1528 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ (പാതി വഴിയില്‍ നിര്‍മ്മാണം നിന്നുപോയ വീടുകളുടെ പൂര്‍ത്തീകരണം) 8076 വീടുകളാണ് ഉള്ളത്. ഇതില്‍ 7635 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ (സ്ഥലമുള്ള വീടില്ലാത്തവര്‍) 13,654 അപേക്ഷകളില്‍ 13,204 പേര്‍ കരാര്‍ വച്ചതില്‍ 12,846 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ജില്ലയില്‍ ഇതുവരെ 351.5 സെന്റ് ഭൂമി ലഭ്യമായി. ഇതില്‍ 276.5 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തു. 11.5 സെന്റ് ഭൂമി ഗുണഭോക്താക്കള്‍ക്ക് കൈമാറി. ലൈഫ് ഗുണഭോക്ത്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂരഹിതര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ/മത്സ്യതൊഴിലാളി അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്കും ലൈഫ് 2020 പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധനയിലൂടെ കണ്ടെത്തുന്ന ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിനാണ് മനസോടിത്തിരി മണ്ണ്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 1.30 കോടി രൂപ വിതരണം ചെയ്തു
ഭവനരഹിതര്‍ക്ക് ലൈഫ് ഭവനപദ്ധതിയിലൂടെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് 1.30 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതം കൈമാറുന്നതിന്റെ വിതരണോദ്ഘാടനം നടന്നു. മാര്‍ച്ച് മാസത്തോടെ വിതരണം പൂര്‍ത്തിയാകും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് തുക വകയിരുത്തിയത്. ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ പട്ടികജാതി, ജനറല്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഒരു ഗുണഭോക്താവിന് കുറഞ്ഞത് ഒരു ലക്ഷം രൂപ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.