നെല്ല് കൊയ്ത്ത്,കയറ്റിറക്ക് പ്രവര്‍ത്തികള്‍ക്ക് പ്രത്യേക പ്രോട്ടോകോള്‍ ആയി

post

ആലപ്പുഴ: നെല്ല് കൊയ്ത്ത്,കയറ്റിറക്ക് പ്രവര്‍ത്തികള്‍ക്ക് പ്രത്യേക പ്രോട്ടോകോള്‍ ആയി.മന്ത്രിമാരായ ജി.സുധാകരന്‍, പി.തിലോത്തമന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ വിളിച്ചുകൂട്ടിയ നെല്ലെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലെ തീരുമാനപ്രകാരമാണ് കയറ്റിറക്ക് തൊഴിലാളികള്‍, യന്ത്രത്തിന്റെ ഡ്രൈവര്‍, മെക്കാക്കാനിക്, ലോറി ഡ്രൈവര്‍മാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ബാധകമാക്കി പ്രത്യേക പ്രോട്ടോകോള്‍ പുറത്തിറക്കിയത്. നെല്ല് സംഭരണം, കൊയ്ത്ത് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ബാധകമാക്കിയിട്ടുണ്ട്. ജില്ലകളക്ടര്‍ എം.അഞ്ജനയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് പ്രോട്ടോകോള്‍ തയ്യാറാക്കിയത്.

കോവിഡ് -19 ന്റെ സാഹചര്യത്തില്‍ ചുവടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്

1. ഓരോ കൊയ്ത്ത് യന്ത്രത്തൊഴിലാളിയെയും ഓരോ 10 ദിവസത്തിലൊരിക്കല്‍ ആരോഗ്യ അധികൃതര്‍ പരിശോധിക്കണം. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

2. കരാറുകാരന്‍ തന്റെ തൊഴിലാളികളുടെ പേര്, പ്രായം മുതലായവ ബന്ധപ്പെട്ട കൃഷി ഓഫീസറെ അറിയിക്കണം. കൃഷി ഓഫീസര്‍ ഇക്കാര്യം ലേബര്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവരെ അറിയിക്കുകയും ചെയ്യണം. മനുഷ്യ വിഭവ ശേഷിയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതാക്കലുകളോ ഉണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

3. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം നിശ്ചിത ദൂരം നിലനിര്‍ത്തുന്ന തരത്തില്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കണം. പി.എ.ഓ ഇത് ഉറപ്പാക്കണം.

4. തൊഴിലാളികള്‍ക്ക് കുടിവെള്ളം, സോപ്പ്, മാസ്‌കുകള്‍ / തൂവാലകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പാടശേഖര സമിതി നല്‍കും.

5. എല്ലാ തൊഴിലാളികളും മാസ്‌ക് / ടവലുകള്‍ ധരിക്കണം.

6. പിആര്‍എസ് വിതരണം ചെയ്യുമ്പോള്‍ സുരക്ഷിതമായ അകലം നിലനിര്‍ത്തുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഉറപ്പുവരുത്തും. ഏത് സാഹചര്യത്തിലും ആള്‍ക്കൂട്ടം ഒഴിവാക്കണം.

7. മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഭക്ഷണ വിതരണത്തിലോ താമസത്തിലോ എന്തെങ്കിലും കുറവുണ്ടെങ്കില്‍, ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മ്യൂണിറ്റി അടുക്കളയില്‍ നിന്ന് നല്‍കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.

കൊയ്യാന്‍ പാകമായ പാടശേഖരങ്ങളുടെ പട്ടികയും കൊയ്യേണ്ട തീയതിയും സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പട്ടിക തയ്യാറാക്കും. ഇത് പ്രകാരം കൊയ്ത്ത് നടക്കുന്നെന്ന് പി.എ.ഓ ഉറപ്പാക്കണം. കൊയ്ത്ത് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാര്‍ നിയമിക്കണം. നെല്ല് കൊണ്ടുപോകുന്നതിന് വാഹന സൗകര്യം അതത് മില്ല് ഉടമകള്‍ ഒരുക്കണം. ഇതിന് സാധിക്കാതെവരുന്ന പക്ഷം അതത് ആര്‍.ടി.ഓമാര്‍ മുഖേന ഇതിന് നടപടി സ്വീകരിക്കും. വാഹനങ്ങളില്‍ നമ്പര്‍, ഡ്രൈവറുടെ പേര്, ഫോട്ടോ , യാത്ര ചെയ്യുന്ന ദിവസം, സ്ഥലം എന്നിവ കരുതണം. ബോട്ട് ആവശ്യമായി വരുകയാണെങ്കില്‍ പോര്‍ട്ട് ഓഫീസര്‍ മുഖേന ഇത് ലഭ്യമാക്കും. സംഭരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മില്ല് ഉടമകള്‍ പി.എ.ഓ മുഖാന്തിരം ജില്ല കളക്ടറുമായി ബന്ധപ്പെടണം. കളക്ടര്‍ പി.എ.ഓ മുഖേന ഇതിനാവശ്യമായ സംഭരണ ശേഷിയുള്ള ഓഡിറ്റോറിയങ്ങളോ ഹാളുകളോ തയ്യാറാക്കി നല്‍കും.