ലഹരി വ്യാപനം: കണ്ണൂരിൽ പരിശോധന കർശനമാക്കും
ജനകീയ സമിതി യോഗം ചേർന്നു
ലഹരിമരുന്നുകൾക്കും വ്യാജ മദ്യത്തിനെതിരെയുമുള്ള പരിശോധനകൾ കർശനമാക്കാൻ വ്യാജമദ്യത്തിന്റെ ഉൽപ്പാദനവും വിതരണവും അനധികൃത മദ്യ കടത്തും തടയുന്നതിന് രൂപീകരിച്ച ജില്ലാ തല ജനകീയ കമ്മറ്റി എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൗമാരക്കാരെയും യുവജനങ്ങളേയും മയക്കുമരുന്ന് കെണിയിൽപ്പെടുത്താൻ ചില റാക്കറ്റുകൾ പ്രവൃത്തിക്കുന്നതായും എളുപ്പം ധനസമ്പാദനത്തിനുള്ള ഉപാധിയായി രാസലഹരി മരുന്ന് വിപണനത്തെ ഉപയോഗിക്കുന്നതായും യോഗം വിലയിരുത്തി. സ്കൂൾ പരിസരങ്ങൾ, ചില കോളനികൾ, നഗരത്തിലെ ഒഴിഞ്ഞ കെട്ടിട സമുച്ചയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ ഇടപെടലെന്നും ഇത്തരം സ്ഥലങ്ങളിൽ പട്രോളിംഗും സംയുക്ത പരിശോധനകളും ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മയക്ക്മരുന്ന് വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് വിവര ശേഖരണം നടത്തും. പ്രാദേശിക തലത്തിൽ ജനകീയ കമ്മറ്റികൾ വിളിച്ച് ചേർക്കും. ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായുള്ള പരിശോധനകൾ ഊർജ്ജിതമാക്കാനും യോഗത്തിൽ നിർദ്ദേശമുയർന്നു.
എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എന്നിവരുടെ സാന്നിധ്യത്തിൽ എ.ഡി.എം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. രാഗേഷ് ഇതുവരെ നടത്തിയ പ്രവത്തനങ്ങൾ വിശദീകരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 മുതൽ ഡിസംബർ 19 വരെ ജില്ലയിൽ നിന്നും 6600 ലിറ്റർ സ്പിരിറ്റ്, 141.5 ലിറ്റർ ചാരായം, 12937 ലിറ്റർ വാഷ് എന്നിവ പിടികൂടി. 1264 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 1348 ലിറ്റർ ഇതരസംസ്ഥാന മദ്യം, 24 കിലോഗ്രാം കഞ്ചാവ്, 109.5 ഗ്രാം എം.ഡി.എം.എ, 158.2 ഗ്രാം മെത്താംഫിറ്റമിൻ, 12.32 ഗ്രാം ബ്രൗൺ ഷുഗർ, 0.260 ഗ്രാം ഹെറോയിൻ, 1.22 ഗ്രാം ഹാഷിഷ്, 113.344 ഗ്രാം ഹാഷിഷ് ഓയിൽ, 669.13 കി.ഗ്രാം പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടികൂടി. അബ്കാരി, എൻ.ഡി.പി.എസ്, കോട്പ, പെന്റിംഗ് കേസുകളിലായി 657 പേരെ അറസ്റ്റ് ചെയ്തു.
19 മൊബൈൽ ഫോണുകളും 46700 രൂപ തൊണ്ടി പണവും 1.43 കോടി രൂപ കുഴൽ പണവും പിടിച്ചെടുത്തു. കോട്പ കേസുകളിൽ 3.87 ലക്ഷം രൂപ പിഴയീടാക്കി. 3827 റെയ്ഡുകൾ, 106 കമ്പൈൻഡ് റെയ്ഡുകൾ, 53784 വാഹന പരിശോധനകൾ എന്നിവ നടത്തി.