നഗരസഭ ഡിജിറ്റലൈസേഷന്‍: അസറ്റ് മാപ്പിങ് അവതരണം നടത്തി
തൃശൂർ കുന്നംകുളം നഗരസഭയിലെ 37 വാര്‍ഡുകളിലെയും വീടുകള്‍ ഒഴികെയുള്ളവയുടെ ഡിജിറ്റലൈസേഷന്‍ തയ്യാറാക്കിയതിന്റെ ആദ്യഘട്ട അസറ്റ് മാപ്പിങ് അവതരണം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവനന്തപുരം കാരകുളം ഗ്രാമീണ പഠന കേന്ദ്രം 4 മാസമെടുത്താണ് കൗണ്‍സിലര്‍മാരില്‍ നിന്നും വിവരം ശേഖരിച്ച് അസറ്റ് മാപ്പിങ് തയ്യാറാക്കിയത്. നഗരസഭയുടെ വാര്‍ഡ് തിരിച്ചുള്ള അതിര്‍ത്തി നിര്‍ണ്ണയം, നദികള്‍, റോഡ്, വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍, പൊതു കിണറുകള്‍, കുളങ്ങള്‍, തെരുവു വിളക്കുകള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് ഡിജിറ്റലായി തയ്യാറാക്കിയിട്ടുള്ളത്.
തയ്യാറാക്കിയ വിവരങ്ങളില്‍ നഗരസഭ സെക്രട്ടറിക്ക് തിരുത്താനും കഴിയും. സൈറ്റിലേക്ക് സന്ദര്‍ശിക്കാന്‍ സെക്രട്ടറിക്ക് പാസ് വേഡ് ഉണ്ട്. ഇതനുസരിച്ച് നിലവില്‍ തയ്യാറാക്കിയിട്ടുള്ള അസറ്റ് മാപ്പിങിന്റെ വിവരങ്ങളിലുള്ള അപാകതകള്‍ പരിഹരിച്ച് വിവരങ്ങള്‍ അപ്‌ഡേറ്റാക്കാന്‍ സാധിക്കും. എന്നാല്‍ ലോഗിന്‍ കൂടാതെ ഗെസ്റ്റ് ഓപ്ഷനിലൂടെ സൈറ്റ് സന്ദര്‍ശിക്കാനാവും.
നിലവില്‍ തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ അസറ്റ് മാപ്പിങ് മുഴുവനായും തയ്യാറായിട്ടുണ്ട്. ഡ്രോണിന്റെ സഹായത്തോടെ വീടുകള്‍, കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവ കണ്ടുപിടിക്കുന്ന മാപ്പിങിന്റെ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ കുന്നംകുളം നഗരസഭയില്‍ ഉടന്‍ ആരംഭിക്കും. ഗ്രാമീണ പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ സുകേഷ് സോമന്‍, ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് അസറ്റ് മാപ്പിങ് അവതരണം നടത്തിയത്.