കോവിഡ്: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍സജീവമായി വനംവകുപ്പും

post

പത്തനംതിട്ട : വനാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയും ആദിവാസി കോളനികളില്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചും  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക ഇടപെടലുകളുമായി വനം വകുപ്പ്. അന്തര്‍ സംസ്ഥാന പാതകളിലുടെയും കാട്ടിനുള്ളിലുള്ള അനധികൃത വഴിയിലൂടെയും വന്നു പോകുന്നവരെ നിരീക്ഷിക്കാന്‍ സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം വനപാലകരും എപ്പോഴും കര്‍മരംഗത്തുണ്ട്. എല്ലാ റെയ്ഞ്ച് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ആദിവാസി കോളനികളില്‍ നിരന്തര സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. റേഷന്‍ സാധങ്ങള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളും, സോപ്പ്, ബെഡ്ഷീറ്റ്, ടൗവല്‍, തലയിണ പോലെയുള്ള മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനും വകുപ്പ് നടപടി സ്വീകരിച്ചു. 

മുഖാവരണങ്ങള്‍, സാനിറ്റൈസര്‍, സോപ്പ്, മരുന്ന് എന്നിവ എത്തിക്കുന്നതില്‍ വനപാലകര്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കോളനിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിന് ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരുമായി  ചേര്‍ന്ന് അനുയോജ്യമായ നടപടികളാണ് എടുത്തു വരുന്നത്. ഇതിനായി വകുപ്പിന്റെ വാഹനങ്ങളും വിട്ടുനല്‍കുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാവശ്യമായ വിവരശേഖരണ ജോലികളും പുരോഗമിച്ചു വരുന്നു.

കൊറോണ പ്രതിരോധ പ്രോട്ടോകോള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സാമൂഹിക അകലവും  വ്യക്തിശുചിത്വവും പാലിക്കുന്നത് സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും നടത്തുന്നതിന് വനപാലകര്‍ മുന്തിയ പരിഗണനയാണ് നല്‍കി വരുന്നത്. ആദിവാസി ഊരുകള്‍ നിരന്തരം സന്ദര്‍ശിച്ച് ആരോഗ്യ പ്രശ്നമുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. വയനാട്, പാലക്കാട് മേഖലകളിലെ അതിര്‍ത്തികള്‍ വഴി എത്തുന്ന അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും അങ്ങനെയുള്ളവരെ കണ്ടെത്തി ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നു. വാളയാറിലെ ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കോവിഡ് ഐസൊലേഷന്‍ കേന്ദ്രമായി വിട്ടു നല്‍കിയിട്ടുണ്ട്.

കാട്ടിനുള്ളിലെ അനധികൃതവാറ്റിനുള്ള  സാധ്യത പരിഗണിച്ച്  എക്സൈസ് വകുപ്പുമായി ചേര്‍ന്ന് വനമേഖലകളില്‍ പരിശോധകള്‍ വകുപ്പ് കര്‍ശനമാക്കി. അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥലങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കുന്നതിനും പരിശോധന നടത്തുന്നതിന് ആരോഗ്യവകുപ്പിന് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി നല്‍കുന്നതിനും വനം വകുപ്പ് മുന്‍കൈ എടുക്കുന്നു. പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുക പ്രവര്‍ത്തനങ്ങളിലും വകുപ്പ് ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി അതത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരേയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യ വനം മേധാവി പി.കെ. കേശവന്‍ അറിയിച്ചു.