വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലും ആലത്തൂർ ബ്ലോക്കിലും ജലബജറ്റ് അവതരിപ്പിച്ചു

post

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലും ആലത്തൂർ ബ്ലോക്കിലും ജലബജറ്റ് അവതരിപ്പിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കിയത്. ഓരോ 10 ദിവസത്തെയും ആകെ ജല ലഭ്യതയും ആകെ ജല ആവശ്യവും കണക്കാക്കിയ ശേഷം ഇവയെ താരതമ്യം ചെയ്ത് ജല മിച്ചമാണോ ജല കമ്മിയാണോ എന്ന് കണ്ടെത്തിയാണ് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.

പഞ്ചായത്ത് തലത്തില്‍ ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ജലസ്രോതസുകളുടെ എണ്ണം, ഉപയോഗം, ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജലബജറ്റില്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനും ജലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ മുന്നില്‍ കണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്തും.

വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജലബജറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ ഹുസനാര്‍ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി 2 റിസോഴ്‌സ് പേഴ്‌സണ്‍ വീരാസാഹിബ് ജലബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രസ്മി ഷാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശികല, പഞ്ചായത്ത് സെക്രട്ടറി രാധിക, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ.ഇ ഫിനോയ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലത്തൂര്‍ ബ്ലോക്കില്‍ ജലബജറ്റ് പ്രകാശനം പൂര്‍ത്തിയായി

ആലത്തൂര്‍ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ ജലബജറ്റ് പ്രകാശനം പൂര്‍ത്തിയായി. ജലത്തിന്റെ ലഭ്യതയും ജലവിതരണത്തിന്റെ സുസ്ഥിരതയും വിലയിരുത്തുന്നതിനുള്ള ഉപാധിയായാണ് ജലബജറ്റ് തയ്യാറാക്കിയത്. ജലബജറ്റിനെക്കുറിച്ചും അതിനാധാരമായ പ്രക്രിയകളെക്കുറിച്ചുമുള്ള അറിവ് ജലവിഭവത്തിന്റെയും പരിസ്ഥിതിയുടെയും ഫലപ്രദമായ ആസൂത്രണത്തിനും പരിപാലനത്തിനും സഹായകമാണ്. ഇതിനാവശ്യമായ അടിസ്ഥാന രേഖയാണ് ജലബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. ബജറ്റിലെ കണ്ടെത്തലുകള്‍ക്കനുസരിച്ച് ജലലഭ്യത ഉറപ്പാക്കുന്നതിനും ജല ഉപയോഗം ക്രമീകരിക്കുന്നതിനുമായി ആലത്തൂര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ കൃഷി, ജലസംരക്ഷണം, മണ്ണ് സംരക്ഷണം എന്നീ മേഖലകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ ചിറ്റൂര്‍ ബ്ലോക്കിലാണ് ജലബജറ്റ് തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ ആലത്തൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലും ജലബജറ്റ് തയ്യാറാക്കി പ്രകാശനം ചെയ്തു. വിവിധ പഞ്ചായത്തുകളിലെ ജലത്തിന്റെ ആവശ്യം, ലഭ്യത എന്നിവയാണ് ബജറ്റിലൂടെ കണ്ടെത്തിയത്. പഞ്ചായത്ത് തലത്തില്‍ ജലവിഭവം, കൃഷി, മൃഗസംരക്ഷണ തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ജലസ്രോതസുകളുടെ എണ്ണം, ഉപയോഗം, ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതി, മറ്റ് വകുപ്പുകളുടെ പദ്ധതികളുമായും സംയോജിപ്പിച്ച് കിണര്‍, കുളം എന്നിവയുടെ നിര്‍മാണം, റീ ചാര്‍ജിങ്, പുനരുജ്ജീവനം, മഴക്കുഴി നിര്‍മാണം, നീര്‍ച്ചാലുകള്‍, തടയണകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്.