വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടം നിയമസഭാ സ്പീക്കർ നാടിന് സമർപ്പിച്ചു

post

മലപ്പുറം കാവനൂർ പഞ്ചായത്തിലെ വടശ്ശേരി ഗവ. ഹൈസ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. രാജ്യത്ത് ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിലാണെന്നും നാടിന്റെ സമഗ്രപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്കളിലൂടെ പ്രവർത്തനങ്ങൾ നടത്തണമെന്നും സ്പീക്കർ പറഞ്ഞു. വിദ്യാലയത്തിന്റെ വികസനത്തിന് സൗജന്യമായി ഭൂമി നൽകിയവരെയും നേതൃത്വം നൽകിയവരെയും അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്‌കൂളിനൊപ്പം നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്‌കൂളിനാവശ്യമായ ബസ് അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ഒരു കോടി രൂപയും നബാർഡിന്റെ രണ്ട് കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. ആധുനിക രീതിയിൽ മൂന്നു നിലകളിലായ് നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 24 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളും ലൈബ്രറി, ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു

കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആധുനിക രീതിയിൽ മൂന്നു നിലകളിലായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 24 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.