കോട്ടയം തുറമുഖം വികസിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ
കോട്ടയം തുറമുഖത്ത് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശനം നടത്തി. വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതകൾ പ്രയോജനപ്പെടുത്തി കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം പൂർണപ്രവർത്തനസജ്ജമാകുന്നതോടെ കണ്ടെയ്‌നർ നീക്കം വർധിക്കും. കസ്റ്റംസ് പരിശോധനകൾ നടത്താൻ സംവിധാനമുള്ളതിനാൽ കോട്ടയത്തുനിന്ന് പരിശോധന നടത്തി കണ്ടെയ്‌നർ നീക്കം സുഗമമാക്കി കയറ്റി അയയ്ക്കാൻ സാധിക്കും. പെരുമ്പാവൂർ, മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലെ കയറ്റുമതിക്കാർക്ക് ഇതു പ്രയോജനപ്പെടുത്തി വിഴിഞ്ഞത്തുള്ള കസ്റ്റംസ് പരിശോധന ഒഴിവാക്കാനാകും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തുറമുഖം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
കോട്ടയം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ വ്യവസായവകുപ്പിന്റെ കിൻഫ്രയുടെയും 51 ശതമാനം സ്വകാര്യസംരംഭകരുടേതുമാണ്. തുറമുഖത്തെ മാരിടൈം ബോർഡിനുകീഴിൽ കൊണ്ടുവരാനും വികസനം പൂർണമാക്കാനുമുള്ള പ്രവർത്തനങ്ങൾ വ്യവസായ വകുപ്പു മന്ത്രി പി. രാജീവുമായി ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ബാർജുകൾ എത്തിച്ച് കണ്ടെയ്‌നർ ചരക്കുനീക്കം വർധിപ്പിക്കാനാണ് ശ്രമം. 24 കണ്ടെയ്‌നറുകൾ കൊണ്ടുവരാൻ ശേഷിയുള്ള ബാർജ്ജ് ലഭ്യമാക്കുന്നതിനായി കുവൈത്ത് കമ്പനിയുമായി കോട്ടയം തുറമുഖം ചർച്ച നടത്തുന്നുണ്ട്.
നിലവിലെ മാർക്കറ്റ് സർവേ പ്രകാരം മാസം 1000 മുതൽ രണ്ടായിരം വരെ കണ്ടെയ്‌നർ കോട്ടയം പോർട്ടിലൂടെ കയറ്റുമതി ചെയ്യാമെന്നാണ് പ്രതീക്ഷ. നിലവിൽ 65,000 ചതുരശ്രയടിയുള്ള വെയർഹൗസുണ്ട്. 10000 ചതുരശ്രയടിയുള്ള വെയർഹൗസിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കാനുള്ള നടപടികളായി. വലിയ ബാർജുകൾ കൈകാര്യം ചെയ്യാനുള്ള ആധുനിക ബെർത്ത്, എംപ്റ്റി കണ്ടെയ്‌നർ യാർഡ്, ക്രെയിൻ എന്നിവയും സജ്ജമാക്കാനാണ് ശ്രമം.
5.54 ലക്ഷം ടൺ ചരക്കുനീക്കം; 81.28 കോടി രൂപ കസ്റ്റംസ് വരുമാനം
2023 ഡിസംബർ വരെ 621.09 കോടി രൂപയുടെ 5,54,625 ടൺ ചരക്കു നീക്കമാണ് കോട്ടയം തുറമുഖത്തിലൂടെ നടന്നത്. 81.28 കോടി രൂപ കസ്റ്റംസ് വരുമാനം ലഭിച്ചു. മൂന്നു കോടിരൂപ ജി.എസ്.ടി. ഇനത്തിലും ലഭിച്ചിട്ടുണ്ട്. തുറമുഖവികസനത്തിന് ആവശ്യമായ വിവിധ വിഷയങ്ങൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്‌നർ ടെർമിനൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ്, നഗരസഭാംഗം ദീപാ മോൾ, മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ്, ജനറൽ മാനേജർ കെ.എൻ. രൂപേഷ് ബാബു, ഡയറക്ടർമാരായ ജോർജ് ഫെൻ, ഷാജി ജോസഫ്, ബൈജു ബസന്ത്, എം.സി. അലക്‌സ്, ഓഡിറ്റർ റിജോ ടോം മാത്യു എന്നിവർ പങ്കെടുത്തു.