അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിന് തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍

post

ഹെല്‍പ്പ് ലൈന്‍നമ്പറില്‍ 24 മണിക്കൂറും സഹായം

കോഴിക്കോട് : കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി  തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി.  കോഴിക്കോട് ജില്ലയിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0495-2370538, 8547655275, സംസ്ഥാനതല ലേബര്‍ കണ്‍ട്രോള്‍ സെല്‍ നമ്പര്‍ -155214 (ബിഎസ്എന്‍എല്‍), 1800 425 55214 (ടോള്‍ ഫ്രീ)

സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയത്. തമിഴ്, ഹിന്ദി, ബംഗാളി, അസമീസ്, ഒറിയ തുടങ്ങി ഭാഷകളില്‍ മറുപടി നല്‍കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.  ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും.

ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശ്ന പരിഹാരമുറപ്പാക്കുന്നതിനുമുള്ള സജ്ജീകരണം നടപ്പാക്കികഴിഞ്ഞു. ലേബര്‍ കമ്മീഷണറേറ്റും 14 ജില്ലാ ലേബര്‍ ഓഫീസുകളും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് അവബോധം നല്‍കുന്നതിന് ഹിന്ദി, ഒറിയ, ബംഗാളി, അസമീസ് ഭാഷകളില്‍ ഓഡിയോ തയാറാക്കി വാട്‌സ്ആപ്പ് മുതലായ സാമൂഹ്യ മാധ്യമങ്ങള്‍  വഴി പ്രചരണത്തിനായി നല്‍കിയിട്ടുണ്ട്.

ലേബര്‍ കമ്മീഷണറേറ്റില്‍ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സമെന്റ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്, തിരുവനന്തപുരം ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍  എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനതല കോര്‍ഡിനേഷന്‍ ടീം പ്രവര്‍ത്തിച്ചുവരുന്നു.

ജില്ലകളില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ ലേബര്‍ കമ്മീഷണറുടെയും അതത് ജില്ലാ കളക്ടര്‍മാരുടെയും നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കും.