പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു
സുസ്ഥിര തൃത്താല കര്‍മ്മ പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടിത്തറ പഞ്ചായത്തിലെ കോട്ടപ്പാടം പാടശേഖരത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തോട്ടം കൊയ്ത്തുത്സവം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം തൃത്താലയിലെ ജനജീവിതത്തിന് ഉണര്‍വ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മണ്ണിന്റെ ഭൂപടം, ഭൂവിഭവ റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കാര്‍ഷികാവശ്യത്തിനുള്ള ജലലഭ്യതക്കായി പരുതൂര്‍ വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്റ്റ്, കൂടല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. വിവിധ വകുപ്പുകളുടെ ഏകോപനവും വിവിധ പദ്ധതികളുടെ സംയോജനവുമുള്ള സമഗ്ര പദ്ധതിയായാണ് സുസ്ഥിര തൃത്താല നടപ്പാക്കുന്നത്.
തൃത്താലയില്‍ ഭൂഗര്‍ഭ ജലവിതാനം സെമി ക്രിട്ടിക്കല്‍ അവസ്ഥയിലാണ്. അത് മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ തൃത്താല തരിശായി മാറും. ഭൂഗര്‍ഭ ജലവിതാനം മെച്ചപ്പെടുത്താന്‍ ദീര്‍ഘകാല പരിശ്രമം ആവശ്യമാണ്. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മുഖേനെ കാര്‍ഷിക കുളങ്ങള്‍, ചെറുകുളങ്ങള്‍ എന്നിവ നിര്‍മിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ജല-മണ്ണ് സംരക്ഷണം ഉറപ്പാക്കുക, കൃഷി പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തത്. 3190 ഹെക്ടര്‍ കൃഷിഭൂമിയുടെ വികസനം ലക്ഷ്യമാക്കി സംയോജിത റിപ്പോര്‍ട്ട് തയ്യാറാക്കി.
എട്ട് നീര്‍ത്തടങ്ങളില്‍ വിവിധ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മണ്‍ബണ്ടുകള്‍, തെങ്ങിന്‍ തടം, കിണര്‍ റീചാര്‍ജിങ്, ചെറു മണ്‍കുളം തുടങ്ങിയവയും നടപ്പാക്കി കൊണ്ടിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഒരു വാര്‍ഡില്‍ ഒരു കാര്‍ഷിക കുളം നിര്‍മാണം പുരോഗമിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം തെങ്ങിന്‍ തൈ വിതരണം ചെയ്തു. മാര്‍ച്ചോടെ 132 കാര്‍ഷിക കുളങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
മാര്‍ച്ചിനുള്ളില്‍ കഴിയുന്നത്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. മണ്ണിന്റെ സ്ഥിതി എന്താണെന്ന് ശാസ്ത്രീയമായി പഠിച്ച് വളപ്രയോഗത്തിന് വരെ ഇത് സഹായിക്കും. പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് അഞ്ച് സ്‌കൂളുകളിലേക്ക് പച്ചക്കറിത്തൈ വിതരണം ചെയ്തത്. തൃത്താലയില്‍ രണ്ടര വര്‍ഷം കൊണ്ട് 882 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ആരംഭിച്ചു. തരിശ് രഹിത തൃത്താലയാണ് ലക്ഷ്യം. മാലിന്യമുക്ത തൃത്താലയാണ് മറ്റൊരു പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, സ്‌കൂളിലേക്ക് പച്ചക്കറിത്തൈ വിതരണം, കര്‍ഷകനെ ആദരിക്കല്‍, കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടി, സെമിനാറുകള്‍, മണ്ണിനെ അറിയാം മൊബൈലിലൂടെ-മാം (എം.എ.എം) അപ്ലിക്കേഷന്‍ പരിചയപ്പെടുത്തല്‍ എന്നിവ നടന്നു. പരിപാടിയില്‍ മണ്ണ് പര്യവേക്ഷണം ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി രേണു പദ്ധതി വിശദീകരിച്ചു. മണ്ണ് പര്യവേക്ഷണം അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.എം ധന്യ, പട്ടിത്തറ കൃഷി ഓഫീസര്‍ സി. അശ്വതി, പട്ടിത്തറ തൂപ്പില്‍ മുഹമ്മദ് കുട്ടി, ജനപ്രതിനിധികള്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.