കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ്: ആദ്യഘട്ട കൂടിയാലോചന യോഗം ചേര്‍ന്നു

post

കൂട്ടുപാത ഡംപ് സൈറ്റില്‍ ബയോമൈനിങ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ഘട്ട കൂടിയാലോചനാ യോഗം പാലക്കാട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ബയോമൈനിങ് പദ്ധതി സംബന്ധിച്ച് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പ്രതിനിധികളായ സതീഷ് ബാബു, ജിബിന്‍ എന്നിവര്‍ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി ഡി.പി.ആര്‍ തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തില്‍ പുരോഗമിക്കുകയാണെന്ന് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ബയോ മൈനിങ് നടപ്പാക്കുന്ന സ്ഥലത്തെ ശബ്ദ, വായു, ജല മലിനീകരണത്തെ കുറിച്ചും മാലിന്യത്തിന്റെ ഫിസിക്കല്‍ അനാലിസിസ് ചെയ്യുന്നതിനായി ഗ്രൗണ്ടിന്റെ നാല് ഭാഗത്ത് നിന്നും സാമ്പിള്‍ ശേഖരിച്ചും വിദഗ്ധ സമിതി പഠനം നടത്തിയിരുന്നു. അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട യോഗത്തില്‍ മാലിന്യം നിക്ഷേപ കേന്ദ്രത്തിന് സമീപമുള്ള പരിസരവാസികള്‍, സ്ഥാപനപ്രതിനിധികള്‍ എന്നിവരുമായി പദ്ധതി വിശദീകരണം നടത്താനും എല്ലാത്തരത്തിലുള്ള സാമൂഹിക, പാരിസ്ഥിതിക, ആരോഗ്യ സംരക്ഷണ നടപടികള്‍ പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷയായി. പാലക്കാട് നഗരസഭ ചെയര്‍പേഴ്സ ണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്‍രാജ്, വൈസ് പ്രസിഡന്റ് എം.കെ ശാന്ത, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍. രവിരാജ്, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, മാലിന്യമുക്തം നവകേരളം കോ-കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷെരീഫ്, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. ദിനേശ്, നഗരസഭാ സെക്രട്ടറി ടി.ജി അജേഷ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. അജിത, പാലക്കാട് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.പി വിസ്മല്‍, കേരള ഖര മാലിന്യ പരിപാലന പദ്ധതി ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്താണ് ബയോമൈനിങ്

കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മണ്ണില്‍നിന്നും ജൈവ വിഘടന പ്രക്രിയ വഴി വേര്‍തിരിച്ച് പുനചംക്രമണത്തിന് (റീസൈക്ലിങ്) കൈമാറുന്ന രീതിയാണ് ബയോമൈനിങ് (ജൈവ ഖനന പ്രക്രിയ). സാങ്കേതിക വിദ്യകളുടെയും ഭൗതിക, രാസ, പാരിസ്ഥിതിക, സാമൂഹിക റിപ്പോര്‍ട്ടുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഡംപ് സൈറ്റില്‍ 92284.30 ഘന മീറ്റര്‍ (1,00,959.02 ടണ്‍) പരമ്പരാഗത മാലിന്യം (ലെഗസി വേസ്റ്റ്) ഉള്ളതായും കണ്ടെത്തിയിരുന്നു. ബയോമൈനിങ് രീതി അവലംബിച്ചാണ് മാലിന്യം നീക്കം ചെയ്യുക. പൈതൃക മാലിന്യങ്ങള്‍ നിക്ഷേപിച്ച 6.04 ഏക്കര്‍ സ്ഥലം പൂര്‍ണമായി വീണ്ടെടുക്കും.