കാന്‍സര്‍ പ്രതിരോധത്തിന് പരിരക്ഷ; പാലക്കാട് ജില്ലയില്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍

post

പാലക്കാട് ജില്ലയില്‍ കാന്‍സര്‍ പ്രതിരോധത്തിനായി പരിരക്ഷാ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍ ജനുവരി 22 മുതല്‍ 30 വരെ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും കാന്‍സര്‍ ലക്ഷണത്തെക്കുറിച്ച് ബോധവത്ക്കരിച്ച് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്, രോഗ സ്ഥിരീകരണം നടത്തി, ചികിത്സ ഉറപ്പാക്കുന്ന നൂതന ക്യാമ്പയിനാണ് പരിരക്ഷ.

പരിശീലനം ലഭിച്ച ജെ.എച്ച്.ഐ, ജെ.പി.എച്ച്.ഐ, എം.എല്‍.എസ്.പി, ആശ എന്നീ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകരാണ് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുക. കാന്‍സര്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പട്ടിക ശൈലി ആപ്പില്‍നിന്നും ആശമാര്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ അവരുടെ ശൈലി പോര്‍ട്ടലുകളില്‍നിന്നും അത് ഡൗണ്‍ലോഡ് ചെയ്ത് ആശമാര്‍ക്ക് നല്‍കുകയോ ചെയ്യും.

ശൈലി ആപ്പിലൂടെയും ഫീല്‍ഡ് തല സ്‌ക്രീനിങ് ക്യാമ്പയിനിലൂടെയും കാന്‍സര്‍ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയവര്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിയെന്ന് ജെ.പി.എച്ച്.ഐ ഉറപ്പുവരുത്തും. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച ആവശ്യമെങ്കില്‍ വിദഗ്ധ പരിശോധനക്കും ചികിത്സയ്ക്കുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യും.