സ്മാർട്ട് സിറ്റി: തിരുവനന്തപുരം നഗരത്തിലെ റോഡ് നിർമ്മാണ പ്രവൃത്തികൾ മന്ത്രി വിലയിരുത്തി

post

അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ KRFB നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. അയ്യങ്കാളി ഹാൾ - ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോൺ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാൻ ആണ് പദ്ധതി. സോണ്‍ 1-ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജ്ജിംഗ് സെൻ്റർ, സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്റ്റേഷനുകള്‍ എന്നീ പ്രവർത്തികൾ ഉണ്ടാകും.


സോണ്‍-2 ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം , സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, ബൈസിക്കിള്‍ പോയിന്റ്, സ്മാര്‍ട്ട് ടോയിലറ്റുകള്‍, എല്‍ ഇ ഡി ഇന്ററാക്ടീവ് ഫ്ലോര്‍, ബൊള്ളാര്‍ഡ് ലൈറ്റ്സ് എന്നിവ സ്ഥാപിക്കാൻ ആണ് പദ്ധതി.

സോണ്‍-3ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കൽ, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം, മോഷന്‍ സെന്‍സിംഗ് ടൈല്‍സ്, പര്‍ഗോള, കോയി ഫിഷ് ഡ്രെയിന്‍, ഗ്യാലറി സീറ്റിംഗ്, പോസ്റ്റ് ടോപ്പ് ലാമ്പ്, ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

സോണ്‍ നാലിൽ ആന്റി സ്കിഡ് ടൈല്‍സ്, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, പോസ്റ്റ് ടോപ്പ് ലാമ്പ്, ട്രാഫിക് ഐലന്റ് , ലാന്റ് സ്കേപ്പിംഗ് എന്നിവയും സജ്ജമാക്കും.

നിലവിൽ ഈ റോഡിൽ ഓട നിര്‍മ്മാണം, അണ്ടര്‍ഗ്രൗണ്ട് പവര്‍ ഡെക്ടുകള്‍ സ്ഥാപിക്കല്‍, ഇന്‍സ്പെക്ഷന്‍ ചേമ്പറുകളുടെ നിര്‍മ്മാണം, കുടിവെള്ള പൈപ്പുകള്‍ ഡെക്ടുകളില്‍ (അണ്ടര്‍ഗ്രൗണ്ട്) സ്ഥാപിക്കുക, ആര്‍ സി ഡെക്ടുകളുടെ നിര്‍മ്മാണം, 10.5 മീറ്റര്‍ വീതിയില്‍ DBM, BC ഉപയോഗിച്ച് റോഡ് സര്‍ഫസിംഗ് എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 1 ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമാകും മാനവീയം മോഡൽ വികസന പദ്ധതികൾ നടപ്പാക്കുക.


13 റോഡുകൾ ഗതാഗത യോഗ്യമാക്കി

സ്മാർട്ട് സിറ്റി പദ്ധതിയിൽ KRFB വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകൾ ഗതാഗത യോഗ്യമാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരിതല നവീകരണം നടത്തുന്ന 28 റോഡുകളില്‍ 13 റോഡുകളിലെ BC പ്രവൃത്തി പൂര്‍ത്തിയാക്കി. ഗണപതി കോവില്‍ റോഡ്, എസ്എംഎസ്എ ഇൻസ്റ്റിറ്റ്യൂട്ട് - ഗവ. പ്രസ്സ് റോഡ്, പബ്ലിക് ലൈബ്രറി- നന്ദാവനം റോഡ്, മാഞ്ഞാലിക്കുളം, പുന്നേന്‍ റോഡ്, കരുണാകരന്‍ സപ്തതി റോഡ്, ആനി മസ്ക്രീന്‍-ബേക്കറി ജങ്ഷൻ റോഡ്, പുളിമൂട് - റസിഡന്‍സി റോഡ്, ഹൗസിംഗ് ബോര്‍ഡ് ജങ്ഷൻ - മോഡല്‍ സ്ക്കൂള്‍ ജങ്ഷൻ, മോഡല്‍ സ്ക്കൂള്‍ ജങ്ഷൻ - മേട്ടുക്കട ജങ്ഷൻ, ആയുര്‍വ്വേദ കോളേജ് - ഓൾഡ് ജി.പി.ഒ , സെന്‍ട്രല്‍ തിയേറ്റർ റോഡ്, കൃപ തിയേറ്റർ - അജന്ത തിയേറ്റർ റോഡ് തുടങ്ങിയവയില്‍ BC പ്രവൃത്തി പൂര്‍ത്തിയായി.

12 സ്മാര്‍ട്ട് റോഡുകളില്‍ ഉൾപ്പെട്ട മാനവീയവും കലാഭവൻ മണി റോഡും നേരത്തെ പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി. മറ്റ് 10 റോഡുകള്‍ മാര്‍ച്ച് മാസം 31 ന് മുമ്പ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എന്ന് മന്ത്രി പറഞ്ഞു. ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, കെ ആർ എഫ് ബി സിഇഒ അശോക് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.