കണിയാപുരം എലിവേറ്റഡ് കോറിഡോർ നിർമ്മാണം : മന്ത്രി ജി. ആർ. അനിൽ കേന്ദ്രമന്ത്രിയെ സന്ദർശിക്കും
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ജംഗ്ഷനിൽ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കാണാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ജി. ആർ. അനിലും എം.എൽ.എ കടകംപള്ളി സുരേന്ദ്രനും ഫെബ്രുവരി 7ന് ഡൽഹി സന്ദർശിക്കും.
ദേശീയപാത 66ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ജംഗ്ഷനിൽ നിർദ്ദിഷ്ട 45 മീറ്ററിൽ നിർമ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റർ വീതിയിൽ ഇരുവശവും കോൺക്രീറ്റ് മതിലുകൾ ഉയർത്തി അതിനു മുകളിലാണ് പുതിയ പാത നിർമ്മിക്കുന്നത്. ഇതുമൂലം കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിശദമായ പ്രൊപ്പോസൽ തയാറാക്കി എൻ.എച്ച്.ഐ പ്രോജക്ട് ഡയറക്ടർക്കും റീജിയണൽ ഓഫീസർക്കും മന്ത്രി ജി. ആർ. അനിൽ നൽകിയിരുന്നു. കൂടാതെ 2022 ഡിസംബർ 14ന് കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രിയ്ക്ക് കത്തും നൽകിയിരുന്നു. ഇതിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാൻ മന്ത്രി ജി. ആർ. അനിലും എം.എൽ.എ കടകംപള്ളി സുരേന്ദ്രനും ഡൽഹിയിലേക്ക് പോകുന്നത്.
ഏഴു സ്പാനുകളുള്ള 210 മീറ്റർ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. ഇതു സംബന്ധിച്ച് മന്ത്രി ജി. ആർ. അനിലും, എം.എൽ.എ കടകംപള്ളി സുരേന്ദ്രനും ജനപ്രതിനിധികളും എൽ.ഡി.എഫ്. നേതാക്കളും മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. ഈ വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതോടൊപ്പം കേന്ദ്രമന്ത്രിയെ നേരിൽ കാണുന്നതിന് മന്ത്രിയ്ക്കും എം.എൽ.എ യ്ക്കും നിർദ്ദേശം നൽകി.