കോവിഡ് 19: അടുക്കളത്തോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

post

തൃശൂര്‍ : കോവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടുക്കളത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കളക്ടറേറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഭൂരിപക്ഷം പേരും വീട്ടില്‍ തുടരുന്നതിലൂടെ ലഭിക്കുന്ന സമയം കൃഷി ചെയ്യാന്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കമ്പോളത്തിലെ പച്ചക്കറി ക്ഷാമം നേരിടാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

പദ്ധതി നടപ്പിലാക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല വിവിധ പച്ചക്കറികളുടെ വിത്ത് കിറ്റുകള്‍ തയ്യാറാക്കി നല്‍കി. ഒരു വീട്ടിലേക്ക് ആവശ്യമായ വെണ്ട, വഴുതന, മുളക്, ചീര, കുമ്പളം, മത്തന്‍, വെള്ളരി എന്നീ പച്ചക്കറികളുടെ 10000 വിത്ത് കിറ്റുകള്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കി വിതരണം ചെയ്യാനായി നല്‍കി.ഈ വിത്തുകള്‍ വിവിധ പഞ്ചായത്തുകളിലേക്ക് നല്‍കും. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും വിളവെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് പച്ചക്കറികളുടെ 10000തൈകളും കേരള കാര്‍ഷിക സര്‍വകലാശാല വിതരണം ചെയ്യുന്നത്.

സാമൂഹികമായ അകലവും മറ്റു പ്രതിരോധമാര്‍ഗങ്ങളും അവലംബിച്ചുകൊണ്ട് മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഭക്ഷ്യ സുരക്ഷാ സേന അംഗങ്ങള്‍ ഉള്‍പ്പെടെയുളള ജീവനക്കാരാണ് ഈ ഉദ്യമത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്. മണ്ണുത്തി -വെള്ളാനിക്കര ക്യാമ്പസുകളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ച വിത്തുകളാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചത്. ഏകദേശം 15 രൂപ വിലവരുന്ന പച്ചക്കറി വിത്തുകളും 10 രൂപ വില വരുന്ന തൈകളുമാണ് ഒരു കിറ്റില്‍ ഉള്ളത്.കൃഷി മന്ത്രി ജില്ലാ കളക്ടര്‍ എസ് ഷാനവാസിനാണ് തൈകളും പച്ചക്കറികളും കൈമാറിയത്. അതോടൊപ്പം തന്നെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഈ വിത്തുകള്‍ കളക്റ്റര്‍ കൈമാറി. തൃശ്ശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൃഷിവകുപ്പ് മുഖേന ഈ വിത്ത് കിറ്റുകള്‍ വിതരണം ചെയ്യും.

ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ കെ രാജന്‍, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസള്‍ട്ട് ഡോക്ടര്‍ പി ഇന്ദിരാദേവി, അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ മണ്ണുത്തി വിഭാഗം ഹെഡ് ഡോക്ടര്‍ എ ലത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാധാകൃഷ്ണന്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രവീന്ദ്രന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.