ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സേവന പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ട് അഗ്‌നിരക്ഷാസേന
ആലപ്പുഴ : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് ശക്തമായ പിന്തുണ നല്‍കുകയാണ് ജില്ലയിലെ അഗ്‌നിരക്ഷാ സേന. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, സേവന പ്രവര്‍ത്തനങ്ങള്‍ക്കും സേന മുന്നില്‍ തന്നെയുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഫ്യൂ ദിനത്തില്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ജില്ലയിലെ പൊതുഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഓഫീസുകള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കുകയാണിവര്‍. ഫയര്‍ എന്‍ജിനുകളും വാട്ടര്‍ മിസ്റ്റ് വാഹനവുമുപയോഗിച്ച് വെള്ളമൊഴിച്ചും ബ്ലീച്ചിംഗ് ലായനി തളിച്ചുമാണ് പൊതുഇടങ്ങള്‍ അണു വിമുക്തമാക്കുന്നത്. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, മണ്ണഞ്ചേരി, പുളിങ്കുന്ന്, കൈനകരി തുടങ്ങിയ പഞ്ചായത്തുകള്‍, തകഴി വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, സബ്‌ട്രെഷറി ഓഫീസ്, കെ.എസ്.ഇ.ബി പാതിരപ്പള്ളി സബ്‌സ്റ്റേഷന്‍, ബാങ്കുകള്‍, എ റ്റി എം, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതിനായി ചെന്നിത്തല കൊരട്ടിക്കര യു.പി സ്‌കൂളും, സേനഅംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിച്ച് അണുവിമുക്തമാക്കി.കായംകുളത്തെ താലൂക്ക് ഹെല്പ് ഡെസ്‌ക്കിലും, കമ്മ്യൂണിറ്റി കിച്ചനിലും, ബോധവല്‍ക്കരണ പരിപാടികളിലും ഇവരുടെ സാന്നിധ്യമുണ്ട്. പുളിങ്കുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്റെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണത്തിനു വാഹനവും വിട്ട് നല്‍കി. പ്രദേശത്തെ ആരോഗ്യ-സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍, ഭക്ഷണം, അവശ്യ മരുന്നുകള്‍ തുടങ്ങിയവയും എത്തിച്ചുനല്‍കും. വയോധികര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും സേന തയ്യാറാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. അഭിലാഷ് പറഞ്ഞു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സേനയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട് . ആലപ്പുഴയിലെ ജില്ലാ ഫയര്‍ ഓഫീസിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍.അഭിലാഷ്, അതത് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവരാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കണ്‍ട്രോള്‍ റൂം നമ്പര്‍: 0477-2230303.