36-ാമത് കേരള സയൻസ് കോൺഗ്രസ് ഫെബ്രുവരി എട്ട് മുതൽ കാസർകോട് ഗവ. കോളേജിൽ
36-ാമത് കേരള സയൻസ് കോൺഗ്രസ് ഫെബ്രുവരി എട്ട് മുതൽ 11 വരെ കാസറഗോഡ് ഗവ. കോളേജിൽ നടക്കും. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം' എന്നതാണ് 36-ാമത് കേരള സയൻസ് കോൺഗ്രസിന്റെ പ്രധാന വിഷയം.
യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും സംവദിക്കാനും അവരുടെ അറിവുകൾ പങ്കിടാനുമുള്ള വേദിയാണ് കേരള സയൻസ് കോൺഗ്രസ്. വിവിധ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, മെമ്മോറിയൽ പ്രഭാഷണങ്ങൾ എന്നിവയും 12 വിഷയങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ/ പോസ്റ്റർ അവതരണങ്ങളും ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടക്കും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദന പരിപാടിയും സ്‌കൂൾ കുട്ടികൾക്കായി 'വാക്ക് വിത്ത് സയന്റിസ്റ്റ്' എന്നിവയും ഉണ്ടായിരിക്കും. 424 യുവശാസ്ത്രജ്ഞർ ഈ സയൻസ് കോൺഗ്രസിൽ പങ്കെടുക്കും. 362 ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും.
രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് (2022) പ്രൊഫ. മോർട്ടൻ മെൽഡൽ 36-ാമത് ശാസ്ത്ര കോൺഗ്രസിൽ പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും. മികച്ച യുവ ശാസ്ത്രജ്ഞർക്കുള്ള അവാർഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ എന്നിവയും സയൻസ് കോൺഗ്രസ് വേദിയിൽ വിതരണം ചെയ്യും. ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സയൻസ് എക്‌സ്‌പോ സൗജന്യമായി സന്ദർശിക്കാം. ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങൾക്ക് മികച്ച ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന യുവാക്കൾക്ക് ക്യാഷ് അവാർഡും സയൻസ് കോൺഗ്രസ്സിന്റെ ഭാഗമായി നൽകും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ജല വിഭവ വികസന വിനിയോഗ കേന്ദ്രം (കെ.എസ്.സി.എസ്.ടി.ഇ- സി.ഡബ്ല്യു.ആർ.ഡി.എം), കാസർകോട് ഗവ. കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.