പറപ്പൂര്‍ കിഴക്കേ അങ്ങാടിയില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു

post

തൃശൂർ ജില്ലയിലെ തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ പറപ്പൂര്‍ കിഴക്കേ അങ്ങാടിയില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 50-ാം നമ്പര്‍ അങ്കണവാടിക്കാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഒരുങ്ങുന്നത്. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 596 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ വരാന്ത, ക്ലാസ്സ് റൂം, ഓഫീസ് റൂം, ഡൈനിങ് റൂം, കിച്ചണ്‍, സ്റ്റോര്‍ റൂം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ടോയ്ലെറ്റുകള്‍, വാഷ് റൂം എന്നിവ ഉള്‍പ്പെടും. തോളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജേക്കബ് പൊറത്തൂര്‍ സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുങ്ങുന്നത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ജി ചാന്ദിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ലില്ലി ജോസ്, ഷീന ഷാജന്‍, സുധ ചന്ദ്രന്‍, ഷൈലജ ബാബു, വി.പി അരവിന്ദാക്ഷന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.