ചരക്കു വാഹന പാസിന് കലക്ടറേറ്റിലേക്ക് വരേണ്ടതില്ല; ഓണ്‍ലൈനായി അപേക്ഷിക്കാം

post

കണ്ണൂര്‍ : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കുവാഹനങ്ങള്‍ക്കുള്ള പാസ് ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. ഇതിനായി അപേക്ഷ നല്‍കാനോ പാസ് വാങ്ങാനോ കലക്ടറേറ്റില്‍ നേരിട്ടെത്തേണ്ട ആവശ്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

covid19jagratha.kerala.nic.in  എന്ന പോര്‍ട്ടലില്‍ കയറി ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് എന്ന ലിങ്കില്‍ വെഹിക്ക്ള്‍ പെര്‍മിറ്റ് ഫോര്‍ ഗുഡ്സ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ഫോം പൂരിപ്പിക്കാം. വാഹനത്തിന്റെ വിവരങ്ങള്‍, എവിടെ നിന്ന് എവിടേക്ക് പോകുന്നു, പോകുന്നതും തിരികെ വരുന്നതുമായ തീയതികള്‍, ചരക്കിന്റെ സ്വഭാവം, വാഹന ഉടമയുടെയും ഡ്രൈവറുടെയും സഹായിയുടെയും പേരു വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി സേവ് ചെയ്താല്‍ അപേക്ഷ റെഡിയായി. അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ പരിശോധിച്ച് അംഗീകരിച്ച ശേഷം നല്‍കുന്ന വെഹിക്കിള്‍ പാസിന്റെ ലിങ്ക്, അപേക്ഷ നല്‍കാനായി ലോഗിന്‍ ചെയ്യുന്നതിന് ഉപയോഗിച്ച മൊബൈല്‍ നമ്പറിലേക്ക് എംഎസ്എസ് ആയാണ് ലഭിക്കുക. ഇതിന്റെ പ്രിന്റൗട്ടോ, സോഫ്റ്റ് കോപ്പിയോ യാത്രാവേളയില്‍ കൈയില്‍ കരുതിയാല്‍ മതിയാവും. ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം കലക്ടറേറ്റിലെ താഴെ നിലയില്‍ ഒരുക്കിയിട്ടുണ്ട്.

കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ പാസിനായി ആളുകള്‍ നേരിട്ടെത്തുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.