കലകളുടെ നിലാവിൽ വിരിഞ്ഞ് നിശാഗന്ധി

post

നിശാഗന്ധിയിൽ കലാവിസ്മയം വിരിയിച്ച് ഓണം വാരാഘോഷ ഉദ്ഘാടനദിനം. പഞ്ച വാദ്യവും നൃത്തശില്പവും ചിങ്ങനിലാവ് മെഗാഷോയും നിശാഗന്ധിയെ ആവേശത്തിലാക്കി. സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ കയ്യടക്കി വാഴുന്ന പെരുമയുള്ള പെരിങ്ങോട് ഹൈസ്കൂൾ സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിന് തുടക്കമായത്.

ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ പ്രമേയമായ ഓണം ഒരുമയുടെ ഈണം വേദിയിൽ നിറഞ്ഞാടുന്നതായി കേരള കലാമണ്ഡലം ഒരുക്കിയ നൃത്തശില്പം. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനു ശേഷം ബിജു നാരായണൻ, റിമി ടോമി, രാജലക്ഷ്മി, അപർണരാജീവ് സംഘത്തിന്റെ ചിങ്ങനിലാവ് മെഗാ ഷോയും നടന്നു.

കനകക്കുന്നിൽ ആഗസ്റ്റ് 28 ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 28 ന് തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും. പ്രധാനവേദിയായ നിശാഗന്ധിയിൽ വൈകിട്ട് 6.15 മുതൽ വയലി ബാൻഡിന്റെ ബാംബൂ മ്യൂസിക്, വൈകിട്ട് ഏഴ് മണി മുതൽ ഡോ.മല്ലിക സാരാഭായിയും ദർപ്പണ ടീമും ചേർന്ന് അവതരിപ്പിക്കുന്ന നൃത്ത പരിപാടി, കനകക്കുന്നിലെ തിരുവരങ്ങ് വേദിയിൽ വൈകിട്ട് ആറ് മണി മുതൽ ചരടുപിന്നിക്കളി, 6.30 മുതൽ ബോഡുബെറൂ ( ബഹുഭാഷ നാട്ടുപാട്ട് സംഗീതം), 7.30 മുതൽ വിൽപ്പാട്ട് എന്നിങ്ങനെ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും.

കനകക്കുന്നിലെ സോപാനം വേദിയിൽ വൈകിട്ട് ആറ് മണിമുതൽ പൊറാട്ട് നാടകം, ഏഴ് മണിക്ക് ചവിട്ടു നാടകം, 7.30മുതൽ കാക്കാരിശ്ശി നാടകം എന്നീ നാടൻകലകളും അവതരിപ്പിക്കും.

സൂര്യകാന്തി ഗ്രൗണ്ടിൽ വൈകിട്ട് ഏഴ് മണിമുതൽ സരസ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. കനകക്കുന്ന് ഗേറ്റിൽ വിവിധ വാദ്യമേളങ്ങളും വേദിയാകും. വൈകിട്ട് അഞ്ചു മണി മുതൽ മതിലകം വരാഹദാസ് അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ആറ് മണിമുതൽ കെ. സുരേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ചെണ്ട മേളം എന്നിവയും നടക്കും.