മരുന്ന് ക്ഷാമത്തിന് പരിഹാരമായി; ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍

post

കണ്ണൂര്‍ : കോവിഡ് -19 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചില അവശ്യ മരുന്നുകള്‍ക്ക് വിപണിയിലുണ്ടായ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി. ലോക്ക് ഡൗണിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിലുണ്ടായ പ്രശ്നങ്ങളാണ് ചില മരുന്നുകളുടെ ദൗര്‍ലഭ്യത്തിന് കാരണമായത്. അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യത്തില്‍ ഇടപെടുകയും ചരക്ക് ഗതാഗതത്തിലുണ്ടായ തടസ്സം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ശീതീകരണം ആവശ്യമുള്ള ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ രണ്ടു ദിവസത്തിനകം വിപണിയിലെത്തുമെന്നും ആളുകള്‍  പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യ മരുന്നുകള്‍ ആളുകള്‍ കൂടുതലായി വാങ്ങിവെക്കുന്നത് വിപണിയില്‍ മരുന്നിന്റെ ലഭ്യതക്കുറവിന് കാരണമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരാള്‍ ആവശ്യത്തിലധികം മരുന്ന് വാങ്ങി സൂക്ഷിക്കുമ്പോള്‍ അത്യാവശ്യമുള്ളവര്‍ക്ക് അത് തീരെ ലഭിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. ഇക്കാര്യത്തില്‍ മരുന്ന് വാങ്ങുന്നവരും വില്‍ക്കുന്നവരും അതീവജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ 5000 കിറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരാള്‍ക്ക് അഞ്ചു ദിവസത്തേക്ക് കഴിയാന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക. കിറ്റ് വിതരണത്തിനായി വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.