ആനപ്പാറ-ചൂളി-മുണ്ടക്കുളം റോഡ് നിര്‍മാണം തുടങ്ങി
പാലക്കാട് എടത്തനാട്ടുകര ഗ്രാമപഞ്ചായത്തിലെ ആനപ്പാറ-ചൂളി-മുണ്ടക്കുളം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2023-2024 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഫണ്ടില്‍ നിന്നും 21.5 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുക. 800 മീറ്റര്‍ നീളമുളള റോഡിന്റെ ആദ്യഘട്ടത്തില്‍ 400 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യും.
ടൂറിസം കേന്ദ്രമായ ഇടമലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇരുപതോളം വരുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും പുതിയ റോഡ് ഗുണകരമാകും. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എടത്തനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അയിഷാ ബീവി ആറാട്ടുതൊടി, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.