പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ളവര്‍ ട്രഷറിയില്‍ എത്തരുത്: ജില്ലാ കളക്ടര്‍

post

പത്തനംതിട്ട:  പനിയോ മറ്റ് രോഗലക്ഷണം ഉള്ളവരോ, നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളുമായി സമ്പര്‍ക്കമുള്ളവരോ നേരിട്ട് ട്രഷറിയില്‍ ഇടപാടിനെത്തുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇത്തരത്തില്‍ ട്രഷറികളില്‍ എത്താന്‍ സാധിക്കാത്ത പെന്‍ഷന്‍കാര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി ചെക്കിനൊപ്പം സമര്‍പ്പിച്ചാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിനും അപേക്ഷ നല്‍കുന്ന പെന്‍ഷന്‍കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭിക്കുന്നതിനുമുള്ള ക്രമീകരണം ട്രഷറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ആരോഗ്യപ്രശ്നമുള്ളവരിലും രോഗവ്യാപനത്തിന് ഏറെ സാധ്യതയുള്ളതിനാലും പെന്‍ഷന്‍ പണം അക്കൗണ്ടുകളില്‍ സുരക്ഷിതമായി നിലനില്‍ക്കുമെന്നുള്ളതിനാലും പണത്തിന് അത്യാവശ്യമുള്ളവര്‍ മാത്രം ഈ ഘട്ടത്തില്‍ ട്രഷറിയില്‍ എത്തിയാല്‍ മതിയാകും.

ട്രഷറിയില്‍ എത്തിയാല്‍ പ്രവേശന കവാടത്തിന് മുന്‍പില്‍ സജ്ജീകരിച്ചിരിക്കുന്ന വെള്ളം, സോപ്പ്/ ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ടോക്കണ്‍ എടുത്തിനു ശേഷം പരമാവധി ശാരീരിക അകലം പാലിച്ച് തങ്ങളുടെ ഊഴം എത്തുംവരെ കാത്തിരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും ട്രഷറി ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. പരമാവധി അഞ്ച് ഇടപാടുകാരെ മാത്രമേ ഒരു മീറ്റര്‍ അകലം പാലിച്ച് ഒരേ സമയം കൗണ്ടറിനു മുന്നില്‍ നില്‍ക്കാന്‍ അനുവദിക്കുകയുള്ളു. ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും ട്രഷറി ഉദ്യോഗസ്ഥരല്ലാതെ മറ്റൊരാളേയും ട്രഷറിക്കുള്ളില്‍ പ്രവേശിപ്പിക്കില്ല. തൂവാല/മാസ്‌ക് എന്നിവ പെന്‍ഷന്‍കാര്‍ കരുതണം. പെന്‍ഷന്‍ കൈപ്പറ്റിയാല്‍ ഉടന്‍തന്നെ കര്‍ശനമായും ട്രഷറിയുടെ പരിസരം വിട്ട് പോകണം. യാത്രാ ഇളവുകള്‍ക്ക് ട്രഷറി രേഖകളായ പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ കാണിക്കാവുന്നതാണ്. വ്യക്തിശുചിത്വവും കോവിഡ് 19 സമൂഹവ്യാപനം തടയുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം.

കോവിഡ് 19 വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കിയും ശാരീരിക അകലം പാലിച്ചും രോഗത്തിന്റെ സമൂഹവ്യാപനം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുകയാണ്. ട്രഷറികള്‍ മുഖേന ഏപ്രില്‍ മാസാദ്യം നടക്കുന്ന പെന്‍ഷന്‍ വിതരണം മാറ്റിവയ്ക്കാന്‍ ആകാത്ത സാഹചര്യത്തില്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചു വേണം നടത്താന്‍. ട്രഷറി ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ പെന്‍ഷന്‍ വിതരണം നടത്താന്‍ സാധിക്കു. ഏപ്രില്‍ രണ്ടു മുതല്‍ ഏഴുവരെയുള്ള തീയതികളില്‍ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.