വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത് : അല്‍കേഷ് കുമാര്‍ ശര്‍മ്മ

post

കാസര്‍ഗോഡ് :  വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ പുറത്തിറങ്ങി സഞ്ചരിക്കരുതെന്ന്  സ്പെഷ്യല്‍ ഓഫീസറായി നിയമിതനായ  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. കളക്ടറേറ്റിലെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങി സഞ്ചരിക്കരുത്. രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ഇത് സഹായകമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു

എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന് പദ്ധതികള്‍

ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗക്കാരുടെയും ക്ഷേമത്തിനായി സര്‍ക്കാരും ജില്ലാ ഭരണകൂടവും പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ മൂലം എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ കളക്ടറേറ്റിലെ സ്പെഷ്യല്‍ കണ്‍ട്രാള്‍ റൂമുമായി ബന്ധപ്പെടണം.

കോവിഡ് 19  നിയന്ത്രണവിധേയമാക്കാന്‍ കഴിയും

സര്‍ക്കാരും ആരോഗ്യവകുപ്പും പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ജില്ലയിലെ കോവിഡ് 19 വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. ഇതിന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അത്യാവശ്യമാണ്. സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദ്ദേശം യഥാക്രമം പാലിക്കാന്‍ ശ്രദ്ധിക്കണം

അമിത വില ഈടാക്കിയാല്‍ നടപടി

ജില്ലയുടെ പലഭാഗങ്ങളിലും അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കും. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ഉടമകള്‍ക്കെതിരെ എസ്സന്‍ഷ്യല്‍ കോമോഡിറ്റിസ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

വൃദ്ധ-അഗതി-അനാഥ മന്ദിരങ്ങളിലെ അന്തേവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കും

ലോക് ഡൗണിന്റെ പഞ്ചാത്തലത്തില്‍ ജില്ലയിലെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍,അനാഥ മന്ദിരങ്ങള്‍  എന്നിവടങ്ങിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഇവിടങ്ങളില്‍  സ്പോണ്‍സര്‍മാരിലൂടെ ഭക്ഷണം ലഭ്യമാണ്. അല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം ഭക്ഷണവും മറ്റ് സേവനങ്ങളും നേരിട്ടെത്തിക്കുന്നതിന് നടപടി സ്വീകരിക്കും.

പെര്‍ള സായ് ഗ്രാമത്തിലെ വീടുകള്‍ ഏറ്റെടുക്കും

പെര്‍ള സായ് ഗ്രാമത്തിലെ 36 വീടുകള്‍ കോവിഡ് 19 രോഗികളെ പാര്‍പ്പിക്കാന്‍ ഏറ്റെടുക്കും. ഇവിടേക്ക് കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങള്‍  എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദ്ദേശം നല്‍കി.

ജെ എച്ച് ഐമാരുടെ കാലാവധി നീട്ടാന്‍ അനുമതി തേടും

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി സര്‍ക്കാര്‍ നിയമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവന കാലാവധി കഴിഞ്ഞതിനാല്‍ കോവിഡ് 19നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്നതിനാല്‍  അവരുടെ കാലാവധി മൂന്ന് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍  സര്‍ക്കാരിനോട്  അനുമതി തേടും.

കേന്ദ്രസര്‍വ്വകലാശാല പരിശോധനാ ലാബില്‍ ട്രയല്‍ തുടങ്ങി

പെരിയ കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ കൊറോണ വൈറസ് പരിശോധനായ്ക്ക് ലാബ് സജ്ജമായി. ഐ സി എം ആ റിന്റെ അനുമതി ലഭിച്ചു. ഇവിടെ  ട്രയല്‍ പരിശോധന തുടങ്ങി. ഉടന്‍  പരിശോധനാ ലാബ് പ്രവര്‍ത്തന ക്ഷമമാകും.

സി ഐ ഐയുടെ നേതൃത്വത്തില്‍  12 യൂണിറ്റ് ഡയാലിസിസ് സംവിധാനം ജില്ലയില്‍ ഒരുക്കും. 

                                 അവലോകന യോഗത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍  അല്‍കേഷ് കുമാര്‍ ശര്‍മ , ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു , എഡി എം എന്‍ ദേവിദാസ്, സബ് കളക്ടര്‍ അരുണ്‍  കെ വിജയയന്‍, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ. എടി മനോജ്  ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.