കട്ടപ്പന ഗവ.കോളേജിൽ റൂസ പദ്ധതികൾ മന്ത്രി ആർ.ബിന്ദു ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു
കട്ടപ്പന ഗവ.കോളേജിലെ സോളാര്‍ പവര്‍ പ്ലാന്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
റൂസ ധനസഹായത്തോടെ ഇടുക്കി ജില്ലയിലെ കട്ടപ്പന ഗവ. കോളേജിലടക്കം സംസ്ഥാനത്തെ 28 കോളേജുകളില്‍ നടത്തിയ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഓണ്‍ലൈനായി നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈജ്ഞാനിക സമൂഹസൃഷ്ടിയില്‍ മുന്നില്‍ നടക്കേണ്ടവരാണ് ഉന്നതവിദ്യാഭ്യാസമേഖല എന്നതുകൊണ്ടുതന്നെ ഈ മേഖലക്ക് ബജറ്റില്‍ വലിയ പരിഗണനയാണ് സര്‍ക്കാര്‍ നൽകിയതെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6000 കോടി രൂപയാണ് കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. 1500 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ടുള്ള അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബി, റൂസ, സംസ്ഥാനപ്ലാന്‍ ഫണ്ട് വിഹിതം എന്നിവ ഉപയോഗിച്ച് നടത്തിയത്.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൈപുണ്യ വര്‍ധനവിന് വേണ്ടിയുള്ള നിരവധി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. കെ ഡിസ്‌കിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു പുത്തനാശയം മുന്നോട്ടുവെക്കുന്ന വിദ്യാര്‍ഥിക്ക് അത് സാക്ഷാത്കരിക്കുന്നതിന് 5 മുതല്‍ 25 ലക്ഷം വരെ നല്‍കുന്നുണ്ട്. 500 യുവഗവേഷകര്‍ക്ക് നല്‍കുന്ന നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്, 1000 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രതിഭാ പുരസ്‌കാരവുമൊക്കെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
റൂസ പദ്ധതിപ്രകാരം ഒരു കോടി രൂപ മുടക്കി കട്ടപ്പന ഗവ. കോളേജില്‍ അക്കാദമിക് ബ്ലോക്ക്, വിമന്‍ അമിനിറ്റി സെന്റര്‍, വനിതകള്‍ക്കുള്ള തൊഴില്‍ നൈപുണ്യ കേന്ദ്രം എന്നിവയാണ് നിര്‍മിച്ചത്. എല്‍ ആകൃതിയില്‍ 4700 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മിച്ച റൂസ അക്കാദമിക് ബ്ലോക്കില്‍ രണ്ട് ക്ലാസ് മുറികളും രണ്ട് ലൈബ്രറിയും ഓഫീസും ശൗചാലയങ്ങളുമുണ്ട്. 40 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളും കോളേജില്‍ നിര്‍മിതിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.
കട്ടപ്പന ഗവ. കോളേജ് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന ഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ രാജ്യത്ത് തന്നെ ഒന്നാമതെത്തിയവരാണ് നാം. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ഒരു കുട്ടി പോലും ഇന്ന് സംസ്ഥാനത്തില്ല. ഉന്നതവിദ്യാഭ്യാസരംഗത്തെ നമ്മുടെ സര്‍വകലാശാലകളും കോളേജുകളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു. 62 ലക്ഷം രൂപ ചിലവില്‍ അനര്‍ട്ട് കോളേജില്‍ നിര്‍മ്മിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
കട്ടപ്പന ഗവ കോളേജില്‍ ഒരുക്കിയ 70 കിലോവാട്ട് സോളാര്‍ പ്ലാന്റ് ഒരു പക്ഷേ സംസ്ഥാനത്തെ ഗവ. കോളേജുകളില്‍ ആദ്യത്തേതാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സൗരോര്‍ജ പ്ലാന്റില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദുതി കോളേജിന്റെ ഉപയോഗത്തിന് ശേഷം കെ.എസ്.ഇ.ബി. ഗ്രിഡിലേക്കു നല്‍കും. 300 യൂണിറ്റ് വൈദുതി ഒരു ദിവസം ഉല്പാദിപ്പിക്കാനാവും. ഇതുകൂടാതെ വൈദുതി തടസ്സം കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ കോളേജ് കെട്ടിടത്തില്‍ 10 കിലോവാട്ട് ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ലൈബ്രറി കെട്ടിടത്തില്‍ മൂന്ന് കിലോവാട്ട് ഓഫ്ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ഉടന്‍ സ്ഥാപിക്കും.
ഉദ്ഘാടന ചടങ്ങില്‍ നിര്‍മ്മിതി എക്സിക്യൂട്ടീവ് സെക്രട്ടറി ബിജു. എസ് നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍. വി, പി.ടി.എ.വൈസ് പ്രസിഡന്റ്. കെ .സി ബിജു, യൂണിയന്‍ ചെയര്‍മാന്‍ അമല്‍ ഷിബു, റൂസാ കോര്‍ഡിനേറ്റര്‍ ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.