ജനങ്ങളോടൊപ്പം പോലീസുമുണ്ട്; വാട്ട്‌സ് ആപ്പ് വീഡിയോ ചാറ്റ് തുടങ്ങി
തൃശ്ശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ആത്മവിശ്വാസം വളർത്തിയും കേരള പോലീസും രംഗത്ത്. ജനങ്ങളോട് ഒപ്പമുണ്ട് പോലീസ് എന്ന പരിപാടിയുടെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് വിളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തി. ഇതിന്റെ ഭാഗമായി തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ രാവിലെ 10.30 മുതൽ ഹോം ക്വാറന്റൈയിനിൽ ഉളളവരുമായി വീഡിയോ കോൾ നടത്തി. സുഖവിവരങ്ങൾ അന്വേഷിച്ചു. മരുന്ന്, ഭക്ഷണം തുടങ്ങി എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ കേരള പോലീസ് സഹായത്തിനുണ്ടെന്ന കാര്യം അദ്ദേഹം ഹോം ക്വാറന്റൈനിൽ ഉളളവരെ ഓർമ്മിപ്പിച്ചു.
തൃശൂർ റേഞ്ചിന് കീഴിൽ 47,000 ത്തിലധികം പേർ ഹോം ക്വാറന്റൈനിൽ കഴിയുന്നതായാണ് കണക്കുകൾ. വരും ദിവസങ്ങളിൽ ഇവരോടൊപ്പം വിവിധ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തും. പോലീസ് നേരിട്ട് ഹോം ക്വാറന്റൈനിൽ ഉളളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീഡിയോ കോളിൽ സംസാരിക്കുന്നത് ക്വാറന്റൈനിലുളളവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന വിലയിരുത്തലാണ് പോലീസിനുളളത്. ഒരു വിളിപ്പാടകലെ പോലീസ് സഹായത്തിനുണ്ട് എന്നത് ക്വാറന്റൈനിലുളളവർക്ക് കരുത്ത് പകരുമെന്ന് ഡിഐജി സുരേന്ദ്രൻ പറഞ്ഞു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങുന്നവരോട് വീടുകളിലേക്ക് മടങ്ങാൻ പോലീസ് കാണിക്കുന്ന നിർബന്ധം ശകാരമായി തോന്നരുതെന്നും നാടിന്റെയും ജനങ്ങളുടെയും രക്ഷയ്ക്കാണ് പോലീസ് അത്തരത്തിൽ നിർബന്ധം പിടിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിവതും പുറത്ത് കറങ്ങി നടക്കാതെ പൊതുജനങ്ങൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.