കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

post

കേരള കലാമണ്ഡലത്തെ ആഗോള തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കലാമണ്ഡലം ഫെലോഷിപ്പ് - അവാർഡ്- എൻഡോമെന്റ് സമർപ്പണവും മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ മികച്ച കലാകേന്ദ്രമായി കേരള കലാമണ്ഡലം ഉയർന്നുവരുന്നതിന് പ്രയത്നിച്ച മണക്കുളം മുകുന്ദരാജയ്ക്കുള്ള ആദരമാണ് ഈ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു.

ഓരോ കലാരൂപങ്ങൾക്കും അനുഗുണമായ വ്യത്യസ്ത സ്ഥാപനങ്ങൾ ഉണ്ടാകാം എന്നാൽ കേരളത്തിലെ ക്ലാസിക് കലാരൂപങ്ങൾക്കെല്ലാം അനുഗുണമായ കലയുടെയും സംസ്കാരത്തിന്റെയും ലോകശ്രദ്ധ ആകർഷിച്ച കേന്ദ്രമാണ് കേരള കലാമണ്ഡലമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള കലാമണ്ഡലത്തിന്റെ അക്കാദമിക ഭൗതിക വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. പുതിയതായി കലാമണ്ഡലത്തിൽ കഥകളിയിൽ പെൺകുട്ടികൾക്കുള്ള അഡ്മിഷനും ആരംഭിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.

11.5 കോടി രൂപ വിനിയോഗിച്ചാണ് 36000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ മണക്കുളം മുകുന്ദരാജ സ്മാരക അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. 24 ക്ലാസ് റൂമുകളും, മൂന്ന് ടീച്ചേഴ്സ് റൂമുകളും, രണ്ട് സെമിനാർ ഹാളുകൾ, മൂന്ന് റസ്റ്റ് റൂമുകൾ, 20 പേർക്ക് വീതം താമസിക്കാവുന്ന രണ്ട് ഡോർമെറ്ററികൾ, ഓപ്പൺ ഓഡിറ്റോറിയം, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം.

കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല വിവിധ കലാ മേഖലകളിലെ പ്രഗത്ഭർക്ക് നൽകുന്ന ഫെല്ലോഷിപ്പ്, അവാർഡ്, എൻഡോവ്മെൻ്റുകളുടെ സമർപ്പണവും മുഖ്യമന്ത്രി നിർവ്വഹിച്ചു. കഥകളി സംഗീതത്തിൽ ഫെല്ലോഷിപ്പ് നേടിയ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്കും കൂടിയാട്ടത്തിൽ ഫെല്ലോഷിപ്പ് നേടിയ വേണുജിക്കും മുഖ്യമന്ത്രി പുരസ്കാരം നൽകി.


കൽപ്പിത സർവ്വകലാശാലയായ കേരള കലാമണ്ഡലത്തെ സമ്പൂർണ്ണ കലാ സാംസ്കാരിക സർവ്വകലാശാലയാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് അവാർഡ് സമർപ്പണം നിർവ്വഹിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കലാമണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ കലാ മേഖലകളിൽ ഫെല്ലോഷിപ്പ് നേടിയ ആർ.എൽ.വി ദാമോദര പിഷാരടി, കലാമണ്ഡലം നാരായണൻ നമ്പൂതിരി, കലാമണ്ഡലം ബാലസുന്ദരൻ എന്നിവർക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരം നൽകി.

എൻഡോവ്മെന്റുകളുടെ സമർപ്പണം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പത്മശ്രീ പുരസ്കാര ജേതാവായ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗോപിക്കുട്ടൻ നായർ, സി.പി ബാലകൃഷ്ണൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം ഭാഗ്യേശ്വരി, സുകുമാരൻ നായർ, കെ.വി ജഗദീശൻ, ഏഷ്യാഡ് ശശി മാരാർ, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, പള്ളം ചന്ദ്രൻ, കലാമണ്ഡലം വേണുമോഹൻ, എം.കെ. അനിയൻ, ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം പ്രഷീജ, കലാമണ്ഡലം പ്രശാന്തി, പ്രദീപ് ആറാട്ടുപുഴ, കലാമണ്ഡലം എം.കെ ജ്യോതി, കലാമണ്ഡലം വിശ്വാസ്, കെ.എസ് അഞ്ജലി, ഡോക്യുമെൻ്ററി പുരസ്കാരം നേടിയ അനൂപ് വെള്ളാനി, ശ്രീജിത്ത് വെള്ളാനി എന്നിവർക്ക് മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം നൽകി ആദരിച്ചു.

ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി. അനന്തകൃഷ്ണൻ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ, കാലടി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.വി നാരായണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽഖാദർ, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കെ. രവീന്ദ്രനാഥ്, ഡോ. പി. വേണുഗോപാൽ, എസ് സി, എസ് ടി കമ്മീഷൻ അംഗം ടി.കെ വാസു, ജില്ലാ പഞ്ചായത്ത് മെമ്പർ പി. സാബിറ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിർമ്മലാദേവി, ഡെപ്യൂട്ടി രജിസ്ട്രാർ പി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.