കൊവിഡ് പ്രതിരോധം:ഹോം ഡെലിവറി പദ്ധതിക്ക് അടിമാലിയില്‍ തുടക്കം

post

ഇടുക്കി : കൊറോണ സമൂഹ്യ വ്യാപനം തടയുവാന്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ ഒരുക്കുകയാണ് അടിമാലി ജനമൈത്രി പോലീസ് . 'നിങ്ങള്‍ സുരക്ഷിതരായി വീട്ടിലിരിക്കു നിങ്ങള്‍ക്കാവശ്യമുള്ളവ ഞങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കാം  'എന്ന സന്ദേശമുയര്‍ത്തി അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഹോം ഡെലിവറി പദ്ധതിക്ക് അടിമാലിയില്‍ തുടക്കം കുറിച്ചു.അവശ്യസാധാനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി കൊവിഡ് രോഗബാധയേല്‍ക്കാനുള്ള സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.അവശ്യസാധനങ്ങള്‍, മരുന്നുകള്‍,പലചരക്ക്, പച്ചക്കറി തുടങ്ങിയവയെല്ലാം പദ്ധതിയിലൂടെ ആളുകള്‍ ആവശ്യപ്പെടും പ്രകാരം അടിമാലിയുടെ പരിസരപ്രദേശങ്ങളിലുള്ള വീടുകളില്‍ എത്തിച്ചു നല്‍കും.

പദ്ധതിയുടെ ഉദ്ഘാടനം അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ് നിര്‍വ്വഹിച്ചു.രാവിലെ 10 മുതല്‍ 4 വരെയാണ് ഹോംഡെലിവറി. നാല് വാഹനങ്ങളിലായി പ്രവര്‍ത്തകര്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും. 8075944394, 9605378183, 9495270889, 9447398312, 9447523301 എന്ന നമ്പരുകളില്‍ വിളിച്ച് സാധനങ്ങള്‍ ഓഡര്‍ ചെയ്യാവുന്നതാണ്. പ്രവര്‍ത്തകര്‍ ആളുകള്‍ നിര്‍ദ്ദേശിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിച്ച് നല്‍കും.സാധനങ്ങള്‍ കൈമാറിയ ശേഷം മാത്രം ബില്‍ തുകയും യാത്ര കൂലിയും നല്‍കിയാല്‍ മതിയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നത് കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് അടിമാലി പോലീസിന്റെ പ്രതീക്ഷ.