കോഴിക്കോട് സിറ്റി റോഡ് വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം
കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി രണ്ടാംഘട്ടത്തിന് അംഗീകാരമായി. 1312.7 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ ഏറ്റെടുത്തത്. ക്ലസ്‌റ്ററുകളിലായി 12 റോഡുകളുടെ വികസനമാണ് ഏറ്റെടുക്കുന്നത്.
പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് മാത്രമായി 720.4 കോടി രൂപയാണ് അനുവദിച്ചത്. റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 592.3 കോടി രൂപയും നീക്കിവെച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
മാളിക്കടവ്–തണ്ണീർപന്തൽ, അരയിടത്തുപാലം–അഴകൊടി ക്ഷേത്രം–ചെറൂട്ടി നഗർ, കോതിപാലം–ചക്കുംക്കടവ്–പന്നിയാങ്കര ഫ്ലൈഓവർ, പെരിങ്ങളം ജംഗ്‌ഷൻ, മൂഴിക്കൽ–കാളാണ്ടിത്താഴം, മിനി ബൈപ്പാസ്–പാനത്തുത്താഴം, കരിക്കംകുളം–സിവിൽ സ്‌റ്റേഷൻ, മാങ്കാവ്–പൊക്കൂന്ന്-പന്തീരങ്കാവ്, രാമനാട്ടുകര–വട്ടക്കിണർ, കല്ലുത്താൻകടവ്–മീഞ്ചന്ത, മാനാഞ്ചിറ–പാവങ്ങാട്, പന്നിയാങ്കര–പന്തീരൻങ്കടവ് റോഡുകളാണ് വികസിക്കുന്നത്. കുടിവെള്ള വിതരണ പൈപ്പ്‌ലൈനുകൾ, വൈദ്യുതി, ടെലിഫോൺ ലൈനുകൾ ഉൾപ്പെടെയുള്ളവയുടെ മാറ്റിസ്ഥാപിക്കൽ അടക്കം അടങ്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.