കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പഞ്ചായത്ത് വകുപ്പ് വാര്‍ റൂം

post

* പഞ്ചായത്തുകളില്‍ 1069 കമ്മ്യൂണിറ്റി കിച്ചനുകള്‍

* നിരീക്ഷണത്തിന് 17674 വാര്‍ഡ് തല കമ്മറ്റികള്‍

* അതിഥി തൊഴിലാളികള്‍ക്ക് 569 ക്യാമ്പുകള്‍

* കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് 2268 കെട്ടിടങ്ങള്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താഴെത്തട്ടില്‍ നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് തിരുവനന്തപുരത്തെ വകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിച്ച വാര്‍ റൂമില്‍. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ എല്ലാ ദിവസവും വാര്‍ റൂമിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. പത്ത് ജീവനക്കാര്‍ അടങ്ങുന്ന മൂന്ന് ടീമുകളാണുള്ളത്. ഒരു ടീം മൂന്ന് ദിവസം തുടര്‍ച്ചയായി വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ ജയശ്രീയാണ് വാര്‍റൂമിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാതികള്‍ക്കിടനല്‍കാതെ സജീവമായി നടത്തുന്നതിന് വാര്‍ റൂം സഹായിക്കുന്നതായി ഡയറക്ടര്‍ ഡോ. പി.കെ ജയശ്രീ പറഞ്ഞു. ഒഴിവുകളുണ്ടായ  47 പഞ്ചായത്ത് സെക്രട്ടറി തസ്തികകളില്‍ ഉദ്യോഗസ്ഥരെ പ്രമോഷന്‍ നല്‍കി നിയമിച്ചതായും ഡയറക്ടര്‍ അറിയിച്ചു.

941 പഞ്ചായത്തുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുന്ന 13 റിപ്പോര്‍ട്ടുകളാണ് ദിവസവും വകുപ്പ് തയ്യാറാക്കി നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയും ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങുമാണ് ഉപയോഗിക്കുന്നത്.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും സംയുക്തമായാണ് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 941 പഞ്ചായത്തുകളില്‍ 1069 കമ്മ്യൂണിറ്റി കിച്ചനുകളാണ് തുടങ്ങിയത്. ഇതില്‍ 963 എണ്ണം കൂടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ചതാണ്. ചൊവ്വാഴ്ച മാത്രം 180424 പേര്‍ക്കാണ്  ഭക്ഷണം വിതരണം ചെയ്തത്. 16221 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഭക്ഷ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ 1309 കെട്ടിടങ്ങളും പഞ്ചായത്തുകള്‍ സജ്ജമാക്കി.

ഹോം ക്വാറന്റൈന്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാന്‍ 17674 വാര്‍ഡ് തല നിരീക്ഷണ കമ്മറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 152101 കുടുംബങ്ങളാണ് കമ്മറ്റികളുടെ നിരീക്ഷണത്തിലുള്ളത്.  നിരീക്ഷണം കാര്യക്ഷമാക്കുന്നതിന് 200 ഡോക്ടര്‍മാരെ അധികമായി നിയോഗിച്ചു. 1946 ജീവനക്കാര്‍ക്ക് ഓഫീസുകളുടെ സമീപത്ത് താമസ സൗകര്യം ഏര്‍പ്പെടുത്തി. 73745 സന്നദ്ധ പ്രവര്‍ത്തകരാണ് പഞ്ചായത്തുകളുമായി സഹകരിക്കുന്നത്. കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, ഒഴിഞ്ഞ വീടുകള്‍ ഉള്‍പ്പെടെ 2268 കെട്ടിടങ്ങളാണ് കണ്ടെത്തിയത്. തെരുവുകളില്‍ കഴിയുന്ന 511 പേരെ വിവിധ പഞ്ചായത്തുകള്‍ പുനരധിവസിപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്കായി 569 ക്യാമ്പുകള്‍ സജ്ജമാക്കി.