മലബാർ മിൽമ ഫാം ടൂറിസം രംഗത്തേക്ക്
മലബാർ മിൽമ ഫാം ടൂറിസം രംഗത്തേക്കും ചുവടുവയ്ക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഗ്രാമീണ ടൂറിസത്തിന്റെ വികസനത്തിന് ഫാം ടൂറിസം ഏറെ സഹായകമാവുമെന്നും മിൽമ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡലലപ്പ്‌മെന്റ് ഫൗണ്ടേഷൻ (എം.ആർ.ഡി.എഫ്) ആണ് പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലെ മിൽമ ഡയറി, ഡെയറി ഫാമുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാക്കേജാണ് തുടക്കത്തിൽ നടപ്പാക്കുന്നത്. ഭക്ഷണം, താമസം, യാത്ര എന്നിവയുൾപ്പെടെ പ്രീമിയം, മോഡറേറ്റ്, മീഡിയം എന്നിങ്ങനെ മൂന്നു കാറ്റഗറികളിലുള്ള പാക്കേജുകളാണുണ്ടാവുക. വൈകാതെ സംസ്ഥാനത്തെ ഇതര ജില്ലകൾ കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജുകൾ പ്രഖ്യാപിക്കും. ബുക്ക് ചെയ്യുന്നവരെ എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ, നിശ്ചിത സെന്ററുകൾ എന്നിവിടങ്ങിൽ നിന്ന് പിക്ക് ചെയ്യും. ക്ഷീര മേഖലയുടെ പ്രവർത്തനം, ഗുണേന്മയുള്ള പാൽ ഉത്പാദിപ്പിക്കുന്ന രീതി എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തി ക്ഷീരോത്പാദക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്ന ലക്ഷ്യവും മിൽമ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിക്കുണ്ട്.
ദേശീയ തലത്തിൽ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്‌ന പുരസ്‌കാരം കരസ്ഥമാക്കിയ പുൽപ്പള്ളി ക്ഷീര സംഘം, സംസ്ഥാന തലത്തിലെ മികച്ച ക്ഷീര സംഘമായ മൈക്കാവ് സംഘം, സംസ്ഥാന തലത്തിൽ മികച്ച സംഘം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഓമശേരി ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി കേശവൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്ഷീര സംഘങ്ങൾക്കും ജീവനക്കാർക്കുമുള്ള ഗ്രാന്റ് കൈമാറ്റവും മന്ത്രി നിർവഹിച്ചു.
മാർച്ച് മാസത്തിൽ മാത്രം അധിക പാൽ വില, ക്ഷീര സംഘങ്ങളുടെ പ്രവർത്തന ഫണ്ട്- ഓഹരി, ജീവനക്കാർക്കുള്ള ധന സഹായം എന്നിവയ്ക്കായി 16 കോടി രൂപയാണ് മലബാർ മിൽമ നൽകുന്നത്. ഈ സാമ്പത്തിക വർഷം നാളിതുവരെ 49 കോടി രൂപയാണ് മലബാർ മിൽമ അധിക പാൽ വിലയായും കാലിത്തീറ്റ സബ്സിഡിയായും ക്ഷീര കർഷകർക്കും സംഘങ്ങൾക്കും നൽകിയത്.
സംസ്ഥാനത്ത് ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിനെ ചടങ്ങിൽ അനുമോദിച്ചു. പ്രസിഡന്റ് ഷീജ ശശി ഉപഹാരം ഏറ്റുവാങ്ങി. മിൽമ ചെയർമാൻ കെ എസ് മണി അധ്യക്ഷത വഹിച്ചു. മലബാർ മിൽമ ക്ഷീര സംഘങ്ങൾക്കു നൽകുന്ന കെട്ടിട നവീകരണ ധനസഹായ വിതരണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ക്ഷീര സമാശ്വാസ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഇൻഷ്വറൻസ് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .ഗവാസും നിർവഹിച്ചു.