സംസ്ഥാന ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ മാങ്കുളത്ത്

post

ഇരുപത്തി രണ്ടാമത് സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ മത്സരവും ഒന്നാമത് മിനി ത്രോബോള്‍ മത്സരവും സെപ്റ്റംബർ 22,23,24 തീയതികളില്‍ ഇടുക്കി ജില്ലയിലെ മാങ്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. സംസ്ഥാന, ജില്ലാ ത്രോബോള്‍ അസോസിയേഷനുകളുടെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

14 ജില്ലകളില്‍ നിന്ന് ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ 1200ഓളം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് മിനി ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഏറ്റുമുട്ടും. 14 പേരടങ്ങുന്ന ജില്ലാ ടീമുകളായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ക്കായി വെവ്വേറെ മത്സരങ്ങള്‍ നടക്കും.

ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവരെയാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ടീമില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ മാങ്കുളത്ത് പുരോഗമിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിന് 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 14 സബ് കമ്മറ്റികളുടെ രൂപീകരണവും നടന്നു.