വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം

post

ആലപ്പുഴ:  വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി കണ്‍ട്രോള്‍ റൂമില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ കണ്‍ട്രോള്‍റൂമിലുള്ള സ്‌കൂള്‍  ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നേരിട്ട് വിളിച്ച് വിവരങ്ങള്‍ അറിയുന്നുണ്ട്.

ഓട്ടോമേറ്റഡ് ഐ വി ആര്‍ സംവിധാനം 

ഇതിനുപുറമേ, ഓട്ടോമേറ്റഡ് ഐവിആര്‍ സംവിധാനം മുഖേന ,  ഒരാള്‍ നിരീക്ഷണത്തിലാകുന്നതു മുതല്‍ 14 ദിവസം തുടര്‍ച്ചയായി ഫോണിലൂടെ ബന്ധപ്പെടും. 0484 7136828 എന്ന നമ്പറില്‍ നിന്നാണ് കോളുകള്‍ വിളിക്കുന്നത്. ഏതെങ്കിലും  സാഹചര്യത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്യുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ അതേ നമ്പറിലേക്ക് തിരിച്ചു വിളിച്ചും നിരീക്ഷണത്തിലുള്ളവര്‍ക്ക്  മറുപടി രേഖപ്പെടുത്താവുന്നതാണ്.

ഇതില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി  അക്കങ്ങള്‍ അമര്‍ത്തിയാല്‍  മതിയാകും. ചോദ്യങ്ങള്‍ ഇവയാണ്

1. ചെറിയ തോതില്‍ മാത്രം പനി,  ജലദോഷം, തൊണ്ടവേദന, ചുമ,  ഇവയിലേതെങ്കിലുമൊന്നോ ഒന്നില്‍ കൂടുതലോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒന്ന് അമര്‍ത്തുക.

2. ശക്തമായ പനി,  ശരീരം വേദന, ചുമ, എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ രണ്ടു അമര്‍ത്തുക.

3. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പമോ അല്ലാതെയോ ശ്വാസതടസ്സം,  ചുമച്ചു തുപ്പുന്ന രക്തത്തിന്റെ അംശം, നെഞ്ചുവേദന എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ മൂന്ന് അമര്‍ത്തുക.

4. മേല്‍പ്പറഞ്ഞത് അല്ലാതെ എന്തെങ്കിലും അസുഖം ലക്ഷണം ഉള്ളവര്‍ നാല് അമര്‍ത്തുക

5. ഒരു ലക്ഷണവും ഇല്ലെങ്കില്‍ അഞ്ചു അമര്‍ത്തുക.

6 മേല്പറഞ്ഞ ഓപ്ഷന്‍സ് വീണ്ടും കേള്‍ക്കാനായി പൂജ്യം അമര്‍ത്തിയാല്‍ മതിയാകും.

ഇങ്ങനെ  ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍  വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ മറുപടികള്‍ രേഖപ്പെടുത്തുകയും ആരോഗ്യ വകുപ്പ് ഓരോന്നും പരിശോധിക്കുകയും ചെയ്യും. ഇത്തരം കോളുകള്‍ക്ക്  മറുപടി തന്നാല്‍ മാത്രമേ കൃത്യമായ വിവരശേഖരണവും നിരീക്ഷണത്തിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അവശ്യ നിര്‍ദേശങ്ങള്‍ നലകാനും പറ്റുകയുള്ളൂ . രോഗ ലക്ഷണങ്ങള്‍ കൂടുതലുള്ളവരെ കണ്‍ട്രോള്‍ സെല്ലില്‍ നിന്നും തിരിച്ച് വിളിക്കും.  അവര്‍ക്ക് വേണ്ട വൈദ്യ സഹായം അടക്കമുള്ളവ ഓണ്‍ലൈന്‍ ഡോക്ടര്‍ സംവിധാനം വഴി നല്‍കും . നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കി, സേവനങ്ങള്‍ വേഗത്തിലാക്കാനുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് കോറോണ കെയര്‍  എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് . എല്ലാ രോഗികളുടെ ഫോണ്‍ നമ്പറും അവരുടെ ആരോഗ്യ സ്ഥിതിയും ഓരോ ദിവസവും  അതില്‍ രേഖപെടുത്തിയിട്ടുണ്ട്. എത്ര പേര് ഫോണ്‍ അറ്റന്റ് ചെയ്തു,    ഇവരില്‍ എത്രപേര്‍  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി,  അതില്‍ എത്ര പേര്‍ക്ക് രോഗ ലക്ഷണം ഉണ്ട് തുടങ്ങിയ വിവരങ്ങളും ലഭിക്കും. ഒരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ അത്യന്താപേക്ഷിതമാണ്.