മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

post

2023 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റും ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഒടുക്കി സെപ്റ്റംബർ 16 മുതൽ 20 വരെ വൈകുന്നേരം നാലിനുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ പ്രോസ്വെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300