ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും

post

തൃശ്ശൂര്‍ ജില്ലയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോബോട്ടുകൾ ഇറങ്ങുന്നു. തിരഞ്ഞെടുപ്പിന് മുഴുവന്‍ വോട്ടര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കലൂര്‍ ഐഎംഎ ഹാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോബോട്ടുകള്‍ ഉപയോഗിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പറഞ്ഞു. എല്ലാവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും തിരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാന്‍ വോട്ടര്‍മാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവല്‍ക്കരണ വീഡിയോകള്‍ റോബോട്ട് വഴി പ്രദര്‍ശിപ്പിക്കും. ഒപ്പം റോബോട്ടിനൊപ്പം സെല്‍ഫി എടുക്കാനും അവസരം ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ അഡീഷണല്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ഡോ. അദീല അബ്ദുല്ല, വി.ആര്‍ പ്രേംകുമാര്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി തുടങ്ങിയവര്‍ പങ്കെടുത്തു.