വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ നടന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി.വിഗ്‌നേശ്വരിയുടെ ചേംബറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്മെന്റ് സിസ്റ്റം മുഖേനയാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ നടന്നത്.
ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തിൽ റാൻഡമൈസ് ചെയ്തത്. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടിംഗ് മെഷീനുകളുടെ റാൻഡമൈസേഷൻ ആണ് നടന്നത്.
കോട്ടയം തിരുവാതിൽക്കലുള്ള ഇ.വി.എം. വെയർഹൗസിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. റാൻഡമൈസേഷനിലൂടെ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമായി അനുവദിച്ച വോട്ടിംഗ് മെഷീനുകൾ ഏപ്രിൽ 8,9 തിയതികളിൽ രാഷ്ട്രീയപാർട്ടികളുടെ സാന്നിധ്യത്തിൽ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റും. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലും ചങ്ങനാശേരി നിയമസഭാ മണ്ഡലം മാവേലിക്കര നിയമസഭാ മണ്ഡലത്തിലും കാഞ്ഞരിപ്പള്ളി പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങൾ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുമാണ്.
തിരുവാതിൽക്കലെ വെയർ ഹൗസിൽനിന്നു മാറ്റുന്ന വോട്ടിംഗ് മെഷീനുകൾ പാലാ മണ്ഡലത്തിൽ പാലാ സെന്റ് വിൻസെന്റ് പബ്ലിക് സ്്കൂൾ, കടുത്തുരുത്തി മണ്ഡലത്തിൽ കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം മണ്ഡലത്തിൽ വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, ഏറ്റുമാനൂർ മണ്ഡലത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം മണ്ഡലത്തിൽ കോട്ടയം എം. ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പളളി മണ്ഡലത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നിവിടങ്ങളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. ചങ്ങനാശേരി മണ്ഡലത്തിൽ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, പൂഞ്ഞാർ മണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ കോളജ് എന്നിവിടങ്ങളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.
വോട്ടെടുപ്പിനു ശേഷം കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ നാട്ടകം ഗവ. കോളജിലെയും മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ മാവേലിക്കര ബിഷപ് മൂർ കോളജിലെയും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയയിലെയും സ്‌ട്രോങ് റൂമുകളിലാണു സൂക്ഷിക്കുക.
യോഗത്തിൽ തെരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.