വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം
രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന്റെ സെക്ഷന്‍ 7 എ അംഗീകാരം ലഭിച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ബോര്‍ഡിന്റെ പന്ത്രണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍ , കെട്ടിടങ്ങള്‍, കംമ്പ്യൂട്ടര്‍ സംവിധാനം, മികച്ച സെര്‍വര്‍ റൂം ഫെസിലറ്റി, തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതോടെയാണ് വിഴിഞ്ഞത്തിന് അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി വിഴിഞ്ഞം മാറും.
ഇനി സെക്ഷന്‍ 8 , സെക്ഷന്‍ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോര്‍ട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകള്‍ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകള്‍/കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തു വച്ച് വമ്പന്‍ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.വിഴിഞ്ഞം പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തിന്റെ ആഗോള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും വ്യാപാര വികസനത്തിന് വേഗത കൂടുകയും ചെയ്യും.